ആലുവ: കാരോത്തുകുഴി - മാർക്കറ്റ് റോഡ് വികസനം പ്രഖ്യാപനത്തിലൊതുങ്ങി. ഒരു വർഷം മുമ്പ് നഗരത്തിൽ റൗണ്ട് ഗതാഗതം നടപ്പാക്കിയപ്പോൾ പ്രഖ്യാപിച്ച പദ്ധതിയാണിത്. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് റൗണ്ട് ഗതാഗതം പാതിവഴിയിൽ ഉപേക്ഷിച്ചതാണ് റോഡ് വികസനവും പാളാൻ ഇടയാക്കിയത്.
കാരോത്തുകുഴി - മാർക്കറ്റ് റോഡിന്റെ വികസനം നാട്ടുകാരുടെ കാലങ്ങളായുള്ള സ്വപ്നമാണ്. വൺവേ വന്നപ്പോൾ എം.എൽ.എ മുൻകൈയെടുത്താണ് പദ്ധതി ആവിഷ്‌കരിച്ചത്. ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് നഗരത്തെ പലപ്പോഴും നിശ്ചലമാക്കുകയാണ്. മാർക്കറ്റ് പ്രദേശത്ത് ഉണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങളാണ് പലപ്പോഴും നഗരത്തിലും ദേശീയപാതയിലും രൂക്ഷമായ ഗതാഗത കുരുക്കിന് വഴി തുറക്കുന്നത്. മാർക്കറ്റ് റോഡിൽ ഓൾഡ് മാർക്കറ്റിലേക്ക് തിരിയുന്ന ഭാഗം മുതൽ കാരോത്തുകുഴി വരെയുള്ള പ്രധാന റോഡിലാണ് ഗതാഗതക്കുരുക്ക് കൂടുതലും. ഈ ഭാഗം കുപ്പിക്കഴുത്ത് ആകൃതിയിലാണ്.
കുരുക്കോട് കുരുക്ക്
വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വലിയ ലോറികൾ റോഡിലിട്ടാണ് ചരക്കിറക്കുന്നത്. വലിയ ലോറികൾ തിരിക്കുകയും മറ്റും ചെയ്യുമ്പോൾ മണിക്കൂറുകൾ നീണ്ട ഗതാഗത സ്തംഭനമാണ് സൃഷ്ടിക്കുന്നത്. എന്നാൽ ഇതുപരിഹരിക്കാൻ പല തീരുമാനങ്ങളും എടുത്തിരുന്നെങ്കിലും ഒന്നും നടപ്പിലായിട്ടില്ല. 25 കോടി രൂപയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച വികസന പ്രവർത്തനങ്ങൾക്ക് കണക്കാക്കിയത്. പദ്ധതി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. ഫണ്ടിന്റെ കുറവ് മൂലമാണ് പദ്ധതിക്ക് അനുമതി ലഭിക്കാത്തതെന്നാണ് അൻവർ സാദത്ത് എം.എൽ.എ പറയുന്നത്.
പ്രൊപ്പോസൽ
സമർപ്പിച്ചു
ബഡ്ജറ്റ് പ്രൊപ്പോസലിൽ ഭരണാനുമതി ഇല്ലാത്ത പുതിയ പ്രവൃത്തികളുടെ ലിസ്റ്റിൽ കാരോത്തുകുഴി കവല മുതൽ മാർക്കറ്റ് റോഡിന്റെ വീതി കൂട്ടുന്നതിനുള്ള പ്രൊപ്പോസൽ പൊതുമരാമത്തു ചീഫ് എൻജിനിയർക്ക് എറണാകുളം എക്‌സി.എൻജിനിയർ സമർപ്പിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.