കൊച്ചി: സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു നഗ്നസെൽഫിയിലൂടെ ശോഭ എന്ന വീട്ടമ്മയ്ക്ക് നഷ്ടമായത് തന്റെ ജീവിതമായിരുന്നു. എന്നാൽ തന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ആ മുപ്പത്തിരണ്ടുകാരി തെളിയിച്ചു ആ നഗ്നദൃശ്യങ്ങൾ തന്റേതല്ലെന്ന്. തൊടുപുഴ കരിങ്കുന്നം സ്വദേശിനി ശോഭയാണ് ഈ "ജീവിത" കഥയിലെ നായിക.രണ്ടര വർഷങ്ങൾക്ക് മുമ്പാണ് ശോഭയുടേതെന്ന പേരിൽ ഒരു നഗ്നചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. പിന്നാലെ ഭർത്താവ് ഉപേക്ഷിച്ച് പോയി. മൂന്നുമക്കളും അകന്നു. വീട് വിട്ടിറങ്ങേണ്ടി വന്നു. പിന്നെ രണ്ടര വർഷം നീണ്ട പോരാട്ടം. ഒടുവിൽ പ്രചരിച്ച നഗ്നദൃശ്യങ്ങൾ ശോഭയുടേത് അല്ലെന്നു കേന്ദ്രസർക്കാർ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു.സൈബർ ഫൊറൻസിക് കേസുകളിൽ ഏത് അന്വേഷണ ഏജൻസിക്കും അന്തിമ വാക്കാണു സിഡാക്കിന്റേത്.
ഫ്ളാഷ് ബാക്ക്
തൊടുപുഴയിൽ നിന്ന് 21ാം വയസിൽ വിവാഹിതയായി കൊച്ചിയിലെത്തിയതാണ് ശോഭ. അൽപ്പം അസ്വാരസ്യങ്ങളോടെ ദാമ്പത്യം മുന്നോട്ടു പോകവെയാണ് എല്ലാം കീഴ്മേൽ മറിച്ച് ഭർത്താവിന്റെ സ്ഥാപനത്തിലെ ജോലിക്കാർക്കിടയിൽ ശോഭയുടേതെന്ന സൂചനയോടെ നഗ്ന സെൽഫി വീഡിയോ പ്രചരിച്ചത്. ഒരു ജീവനക്കാരനെ പൊലീസ് പിടികൂടി. ഇയാൾക്ക് ഇത് അയച്ചുകൊടുത്തയാളെക്കുറിച്ചും സൂചന കിട്ടി. പക്ഷേ അന്വേഷണം എങ്ങുമെത്തിയില്ല.
സംഭവം നടന്ന് പത്തു ദിവസത്തിനുള്ളിൽ വീഡിയോ ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവിന്റെ വക്കീൽ നോട്ടീസെത്തി. വിദ്യാർത്ഥികളായ മൂന്നു മക്കളും ഭർത്താവിനൊപ്പമായിരുന്നു.നീതിക്കായി പോരാടാനുറച്ചതോടെ ഭർത്താവിനൊപ്പം തുടങ്ങിയ ബിസിനസുകളിലൊന്ന് നേരിട്ട് ഏറ്റെടുത്തു. എറണാകുളത്ത് തന്നെ വാടകവീട്ടിൽ താമസം തുടങ്ങി.
രണ്ടര വർഷം പൊലീസ് സ്റ്റേഷനുകളും കോടതികളും ഒറ്റയ്ക്ക് കയറിയിറങ്ങി. തൊടുപുഴയിലെ വീട്ടിലുള്ള പ്രായമായ അച്ഛന്റേയും വിവാഹിതരായ സഹോദരിമാരുടെയും മറ്റു ബന്ധുക്കളുടെയും മാനസിക പിന്തുണയിലായിരുന്നു നീതി തേടിയുള്ള യാത്ര. സംസ്ഥാന പൊലീസ് ഫോറൻസിക് ലാബിൽ രണ്ടു തവണ നടത്തിയ പരിശോധനയും ഫലം കാണാതെ വന്നു. ഒടുവിൽ ഡി.ജി.പി ഇടപെട്ടാണ് വീഡിയോ സിഡാക്കിലേക്ക് അയച്ചതും ശോഭയ്ക്ക് ആശ്വാസമായ ഫലം വന്നതും. ശോഭയുടെ പോരാട്ടം ഏറ്റെടുത്ത് തുടരാനാണ് പൊലീസിന്റെയും തീരുമാനം.
"നിരപരാധിയാണ് അമ്മയെന്ന് മക്കൾ മനസിലാക്കാനും സമൂഹത്തിൽ തലഉയർത്തി നിൽക്കാനും വേണ്ടിയായിരുന്നു തന്റെ പോരാട്ടം. തന്റെ പേരിൽ ചിത്രം പ്രചരിപ്പിച്ചതാരാണെന്നുകൂടി ഇനി കണ്ടുപിടിക്കണം.
-ശോഭ
'ഭർത്താവുമൊത്ത് കുടുംബപ്രശ്നമുണ്ടെന്നും വീഡിയോ അപവാദം പ്രചരിപ്പിച്ചതിന് പിന്നിൽ ഭർത്താവുണ്ടോയെന്ന് സംശയമുണ്ടെന്നും ശോഭ പരാതി നൽകിയിട്ടുണ്ട്. സ്ത്രീക്കെതിരെ ഇത്തരത്തിൽ അപവാദം പ്രചരിപ്പിക്കുകയെന്ന കുറ്റകൃത്യം തെളിയിക്കേണ്ടതുണ്ട്. പരാതിയിൽ അന്വേഷണം തുടരും.'
-കെ. ലാൽജി
കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ