sabarimala

 സർക്കാരിന്റെ മറുവാദം ഇന്ന്

കൊച്ചി : ശബരിമലയിൽ നിരോധനാജ്ഞയുടെ പേരിൽ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയുംവരെ തടയുന്ന സാഹചര്യമാണെന്നും അത് അനുവദിക്കാൻ പാടില്ലെന്നും നിയന്ത്രണങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികളിൽ വാദം.

ശരണംവിളിപോലും തടയുന്ന പൊലീസ്, ഭക്തിയുടെ അന്തരീക്ഷം തകർക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ മറുപടി വാദത്തിനായി ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ചെന്നൈ സ്വദേശി ടി.ആർ. രമേഷ് ഉൾപ്പെടെ നൽകിയ ഒരുകൂട്ടം ഹർജികളും ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജിയുമാണ് ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.

നിരോധനാജ്ഞ ഭക്തർക്ക് ബാധകമല്ലെന്ന് സർക്കാർ പറയുന്നു. എങ്ങനെയാണ് ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസ് തിരിച്ചറിയുന്നത് ? പൊലീസ് അറസ്റ്റ് ചെയ്തവർക്കെതിരെ കേസുകളുണ്ടെന്നാണ് സർക്കാരിന്റെ വാദം. കൊലയാളിക്കുപോലും പ്രാർത്ഥിക്കാൻ അവകാശമുണ്ട്. ഒന്നുകിൽ എല്ലാവർക്കും നിരോധനാജ്ഞ ബാധകമാക്കണം. അല്ലെങ്കിൽ ആർക്കും ബാധകമാക്കരുത്.

കേന്ദ്രമന്ത്രിയെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ സർക്കാരിന്റെ നയതീരുമാനം മന്ത്രിയോട് പരസ്യമായി ചർച്ച ചെയ്യാൻ തയ്യാറായത് പെരുമാറ്റ ദൂഷ്യമാണെന്നും ഹർജിക്കാർ വാദിച്ചു.

 മറ്റു വാദങ്ങൾ :

 ശബരിമലയും പരിസരവും പ്രത്യേക സുരക്ഷാ മേഖലയായി സർക്കാർ പ്രഖ്യാപിച്ചതിനാൽ ജില്ലാ മജിസ്ട്രേട്ടിന് എങ്ങനെ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കഴിയും ?

 എതു നടപടിക്ക് മുമ്പും കോടതിയുടെ അനുമതി തേടിയിരുന്ന സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ അനുമതി തേടിയില്ല.

 പൊലീസ് അതിക്രമത്തിന്റെ വിവരങ്ങൾ പൂർണമായും കൈമാറിയിട്ടും സ്വീകരിച്ച നടപടികൾ സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തിൽ ഇല്ല.

 ശരണം വിളി പ്രതിഷേധമായി കണക്കാക്കി പൊലീസ് നടപടി പാടില്ല. ഇരുമുടിക്കെട്ട് തുറന്നു പരിശോധിക്കാൻ ആർക്കും അധികാരമില്ല.

 രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കാനാണ് നിരോധനാജ്ഞ ഉപയോഗിക്കുന്നത്.

 മണ്ഡലകാലം കഴിയുന്നവരെയെങ്കിലും ശബരിമലയിൽ റിട്ട. ഹൈക്കോടതി ജഡ്ജിയെയോ സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥനെയോ നിയോഗിക്കണം.