കൊച്ചി : താരസംഘടനയായ അമ്മ, അബുദാബിയിൽ സ്റ്റേജ് ഷോ നടത്തുന്ന സാഹചര്യത്തിൽ ലൈംഗികാതിക്രമമുണ്ടായാൽ പരിഗണിക്കുന്നതിനായി ഉടൻ പരാതി പരിഹാര കമ്മിറ്റിയുണ്ടാക്കാൻ നിർദ്ദേശിക്കണമെന്ന് വനിതാ സിനിമാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്‌ള്യു.സി.സി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
സമിതി നിലവിലുണ്ടെന്ന് 'അമ്മയുടെ' അഭിഭാഷൻ വാദിച്ചു. 2013ലെ ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള സമിതിയല്ല ഇതെന്നും പുറത്തുനിന്നുള്ള സ്വതന്ത്രഅംഗം സമിതിയിലില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകാൻ താരസംഘടനയുടെ അഭിഭാഷകനോടും കേരള ഫിലിം ചേംബർ ഉൾപ്പടെയുള്ള സംഘടനകളോടും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജികൾ മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി ഡിസംബർ ഏഴിന് അബുദാബി ആംഡ് ഫോഴ്സസ് ഗ്രൗണ്ടിലാണ് അമ്മ സ്റ്റേജ് ഷോ 'ഒന്നാണ് നമ്മൾ' സംഘടിപ്പിക്കുന്നത്. അമ്മയിലെ 60ഓളം അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. വനിതാ ആർട്ടിസ്റ്റുകൾക്ക് റിഹേഴ്സൽ കേന്ദ്രത്തിലും പിന്നീട് വിദേശത്തേക്കും പോകണം. ഇവർക്ക് സുരക്ഷിതമായ തൊഴിലിടം ഒരുക്കേണ്ടത് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. ഈ സാഹചര്യത്തിലാണ് നിയമപ്രകാരമുള്ള കമ്മിറ്റി വേഗം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഡബ്‌ള്യു.സി.സി പ്രസിഡന്റ് റീമ കല്ലിങ്കൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.