മൂവാറ്റുപുഴ: വാളകം പാടശേഖരത്തിൽ 15 വർഷമായി തരിശായിക്കിടന്ന നെൽപ്പാടം വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ പച്ചപുതയ്ക്കാനൊരുങ്ങുന്നു. പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ബിന്ദു ജോർജിന്റെ നേതൃത്വത്തിൽ തനിമ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങളായ മിനി രാജു, സൂസൻ ജോർജ്, ഷെർലി ലിറ്റി എന്നിവർ ചേർന്നാണ് ഒന്നര ഏക്കർ പാടത്ത് നെൽകൃഷി ആരംഭിച്ചത്. തനിമ സംഘകൃഷി ഗ്രൂപ്പിലെ വനിതകൾ ആദ്യമായാണ് കൃഷിയിലേക്കിറങ്ങുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, മെമ്പർ ദിപു സി ജോൺ, കൃഷി ഓഫീസർ വി.പി. സിന്ധു, പാടശേഖരം സെക്രട്ടറി ലിസി സാബു എന്നിവരും വനിതകളോടൊപ്പം വിത്തുവിതച്ചു. തരിശുരഹിത പഞ്ചായത്ത് ലക്ഷ്യമാക്കി കൃഷിഭവന്റെ നേതൃത്വത്തിൽ വിവിധ പാടശേഖരങ്ങളിൽ പ്രത്യേക യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. കൂടുതൽ കർഷകർ ഇതിന്റെ ഭാഗമായി തരിശുപാടങ്ങളിൽ നെൽകൃഷി ചെയ്യാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. കൃഷി വകുപ്പിൽ നിന്ന് ധനസഹായം ലഭ്യമാക്കുന്നുണ്ട്.