പറവൂർ : മാർ തോമാശ്ലീഹയുടെ ഭാരത പ്രവേശനസ്മരണ പുതുക്കി ഭാരതപ്രവേശന ദേവാലയ തിരുനാളും മാല്യങ്കര തീർത്ഥാടനവും ആഘോഷിച്ചു. പള്ളിപ്പുറം മഞ്ഞുമാത ബസലിക്കയിൽ നിന്ന് മാല്യങ്കര ഭാരതപ്രവേശന ദേവാലയത്തിലേക്കു നടന്ന തീർത്ഥാടനത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും വർണക്കുടകളും വർണാഭയേകി. കുരിശ് മുത്തപ്പന് ശരണം വിളിയുമായെത്തിയ തീർത്ഥാടക സംഘത്തെ കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി, ഫാ. ജോയ് കല്ലറക്കൽ, ഫാ. വിനു പടമാട്ടുമ്മൽ, ഇടവകാംഗങ്ങൾ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. പൊന്തിഫിക്കൽ ദിവ്യബലിയ്ക്കു ബിഷപ്പ് നേതൃത്വം നൽകി. ഫാ. രൂപേഷ് മൈക്കിൾ കളത്തിൽ വചനസന്ദേശം നൽകി.