പറവൂർ : സമ്പൂർണ സാക്ഷരത ലക്ഷ്യമാക്കി സംസ്ഥാന സാക്ഷരതാ മിഷൻ തീരദേശ മേഖലകളിൽ നടപ്പാക്കിവരുന്ന അക്ഷരസാഗരം പദ്ധതിയുടെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ മികവുത്സവം നടത്തി. കോട്ടുവള്ളി പഞ്ചായത്തിലെ തീരപ്രദേശങ്ങളായ മൂന്നു വാർഡുകളിലായിരുന്നു മികവുത്സവം. അറുപത് വയസിന് മുകളിലുള്ള 62 പേർ പരീക്ഷയെഴുതി. കൊടവക്കാട് പതിനെട്ടാം വാർഡിൽ ധീവരസഭ ഹാളിൽ നടന്ന മികവുത്സവത്തിന് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി പഠിതാക്കൾക്ക് ചോദ്യപേപ്പറുകൾ നൽകി. ഒരു പുരുഷൻ ഉൾപ്പെടെ 20 മത്സ്യത്തൊഴിലാളി സ്ത്രീകൾ പരീക്ഷയെഴുതിയത്. പതിനെട്ടാം വാർഡിലെ എഴുപത്തിയഞ്ച് വയസുകാരൻ ബി. മാധവനാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. നാല് മാസത്തെ പരിശീലനത്തിന് ശേഷമായിരുന്നു പരീക്ഷ.