കട ബാദ്ധ്യതയിൽ മുങ്ങി നിമിഷയുടെ കുടുംബം
കിഴക്കമ്പലം: കട ബാദ്ധ്യതകളും കണ്ണീരും ഒടുങ്ങാതെ നിമിഷയുടെ കുടുംബം. സർക്കാർ സഹായങ്ങളും പാഴ് വാക്കായി.നിമിഷയെ ഓർമ്മയില്ലേ,
വീട്ടിൽ കടന്നു കയറിയ അന്യ സംസ്ഥാനക്കാരനായ മോഷ്ടാവ് അമ്മുമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നത് ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ കൊലക്കത്തിക്കിരയായ നിമിഷ. കഴിഞ്ഞ ജൂലായ് 30ന് രാവിലെ 9.30നാണ് കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത് അന്തിനാട് തമ്പിയുടെ വീട്ടിലേക്ക് മരണം മോഷ്ടാവിന്റെ രൂപത്തിൽ എത്തിയത്. തമ്പിയും ഭാര്യ ശലോമിയും ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. അമ്മാമ്മ മറിയാമ്മയുടെ മാലപൊട്ടിച്ച് കടന്നുകളയുന്നതിനിടെ അടുക്കളയിൽ കറിക്കരിഞ്ഞു കൊണ്ടിരുന്ന നിമിഷ ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. ഓടിയെത്തിയ പിതൃസഹോദരൻ ഏലിയാസി(53)നും ഗുരുതരമായി പരിക്കേറ്റിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖരാണ് നിമിഷയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. സഹായവാഗ്ദാനങ്ങളും പതിവു പോലെ നടന്നു.
എന്നാൽ ഇന്ന് സാമ്പത്തീക പരാധീനതകളുടെ നടുക്കയത്തിലാണ് ഈ കുടുംബം. ഓട്ടോറിക്ഷ ഡ്രൈവറായ തമ്പി സാമ്പത്തിക പരാധീനതകളാൽ വലയുന്നതിനിടയിലാണ് മകളുടെ വേർപാടും ഇടിത്തീയായി വന്നത്. ലോണെടുത്ത് പണിതവീടും ജപ്തി ഭീക്ഷണി നേരിടുകയാണ്. ബി.ബി.എ വിദ്യാർഥിനിയായ നിമിഷയ്ക്ക് വിദ്യാഭ്യാസ വായ്പക്കായി എടുത്തുക തുകയും അടച്ചു തീർക്കേണ്ടതുണ്ട്. ഇതിനിടെ മകളുടെ വേർപാടിൽ സമനില നഷ്ടപ്പെട്ട ഭാര്യ ശലോമി ഇതുവരെയും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. തമ്പിയുടെ അമ്മ മറിയാമ്മയുടെ അവസ്ഥയും മറിച്ചല്ല.
എന്നാൽ തമ്പിക്കു ലഭിച്ച സഹായ വാഗാദാനങ്ങളെല്ലാം മാസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരും മറന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്നവർ നൽകിയ വാഗ്ദാനങ്ങളും പാഴ് വാക്കുകളായി. ആക്രമത്തിൽ കൈകൾക്ക് ഗുരുതരമായി പരിക്കേറ്റ സഹോദരൻ ഏലിയാസിന് ശസ്ത്രക്രിയ നടത്തിയ ചെലവിൽ 3.50 ലക്ഷം രൂപയുടെ കടവുമായി. സംസ്ഥാന ലീഗൽ സർവീവസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ് ജഡ്ജിയുമായ എ.എം.ബഷീറിന്റെ നേതൃത്വത്തിൽ നിമിഷയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കുറ്റകൃത്യങ്ങൾക്ക് വിധേയരായി മരണമടഞ്ഞവരുടെ ആശ്രിതർക്കുമുള്ള സർക്കാരിന്റെ നഷ്ടപരിഹാര പദ്ധതി യുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. നിമിഷയുടെ പിതാവ് തമ്പി, പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പിതൃസഹോദരൻ ഏലിയാസ്, മാതാവ് ശലോമി എന്നിവർ സഹായത്തിന് അർഹരാണെന്ന് ലീഗൽ സർവീസസ് അതോറിറ്റി അധികൃതർ വിലയിരുത്തി. പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ സർക്കാരിനു റിപ്പോർട്ട് നൽകി നഷ്ടപരിഹാരതുക കൈമാറുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും ഒന്നും ലഭിച്ചിട്ടില്ല. ജീവിത ദുരിതങ്ങളിൽപ്പെട്ട് നട്ടംതിരിയുന്ന കുടുംബത്തോട് അധികൃതർ കനിവുകാട്ടാതിരിക്കില്ല എന്ന ശുഭ പ്രതീക്ഷയാണ് ഇവർക്കുള്ളത്.