തൃപ്പൂണിത്തുറ: വടക്കേകോട്ട നിത്യസഹായ മാതാ പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ കുട്ടികൾ അടങ്ങിയ അഞ്ചംഗ കുടുംബത്തെ മോഷ്ടാക്കളെന്ന്‌ സംശയിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായി. വികാരിയുടെ വാക്കുകൾ പോലും ചെവിക്കൊള്ളാതെ കുട്ടികൾ അടങ്ങുന്ന കുടുംബത്തെ ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇവർ പ്രതികളല്ലെന്ന് മനസിലായതോടെ മണിക്കൂറുകൾക്കുശേഷം ജീപ്പിൽ പള്ളിക്ക് മുമ്പിലിറക്കി വിട്ട് പൊലീസ് തടിയൂരി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.

പള്ളിയിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് നടപടി. കസ്റ്റഡിയിൽ എടുത്തവർക്ക് സി.സി ടിവി ദൃശ്യങ്ങളിലെ മോഷ്ടാക്കളുമായി രൂപസാദൃശ്യം ഉണ്ടെന്നാണ് കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസ് പറഞ്ഞ ന്യായം. ഒടുവിൽ പള്ളിയിലെ ദൃശ്യങ്ങൾ വച്ച് പരിശോധിച്ചപ്പോൾ ഇവർ നിരപരാധികളാണെന്ന് വ്യക്തമായി. ഇതോടെ അബദ്ധം പിണഞ്ഞ പൊലീസ് രാത്രി എട്ടരയോടെ ഇവരെ പള്ളിക്ക് സമീപം കൊണ്ടുപോയി വിട്ടു.

പള്ളികോമ്പൗണ്ടിൽ വച്ച് ഒന്നും ചെയ്യരുതെന്നും നടപടിയൊക്കെ പള്ളിക്ക് പുറത്ത് മതിയെന്നും സംഭവം നടക്കുമ്പോൾ വികാരി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ നിരവധി ഭക്തരുടെ മുന്നിൽ വച്ച് കുടുംബത്തെ മോഷ്ടാക്കളായി ചിത്രീകരിച്ച് അപമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ മാനസികാവസ്ഥ തകർത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. വേട്ടയാടപ്പെട്ട കുടുംബം നിയമനടപടിക്ക് ഒരുങ്ങുകയാണ്.

ആരാധനാലയത്തിൽ നടന്ന പൊലീസ് നടപടി ഗൗരവമേറിയതാണെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടി.

 കസ്റ്റഡിയിലെടുത്തത്

രൂപസാദൃശ്യം തോന്നിയതിനാൽ

പ്രാർത്ഥനാലയത്തിൽ വച്ച് ബാഗിൽ നിന്ന് എ.ടി.എം കാർഡും പണവും നഷ്ടപ്പെട്ടതായി ഒരു സ്ത്രീ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിലായിരുന്നു പൊലീസ്. പള്ളിയിൽ നിന്ന് ശേഖരിച്ച സി.സി ടിവി ദൃശ്യങ്ങളിലെ മോഷ്ടാവിന്റെ രൂപസാദൃശ്യം തോന്നിയാണ് കസ്റ്റഡിയിലെടുത്തത്. വിശദ പരിശോധനയിൽ ഇവരല്ലെന്ന് ബോദ്ധ്യപ്പെട്ട് വിട്ടയച്ചു.

കെ.ആർ. ബിജു,

സബ് ഇൻസ്പെക്ടർ,

ഹിൽ പാലസ് സ്റ്റേഷൻ.