നെടുമ്പാശേരി: വിദ്യാർത്ഥികളെ അശ്ലീല വീഡിയോ കാണിച്ചെന്ന കേസിൽ ഒന്നര മാസത്തിലേറെ ഒളിവിലായിരുന്ന സ്‌കൂൾ മുൻ പി.ടി.എ പ്രസിഡന്റ് സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ . പടിഞ്ഞാറെ കടുങ്ങല്ലൂർ മന്ത്യേത്ത് വീട്ടിൽ അജിത്ത് കുമാറാണ് (55) അത്താണിയിലെ ലോഡ്ജിൽ മരിച്ചത്.
പോക്സോ , സെഷൻസ് കോടതികൾ മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്ന് ഇന്നലെ രാവിലെ ഒൻപതിന് ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ ഹാജരാകാമെന്ന് ചില പൊതുപ്രവർത്തകർ മുഖേന ഇയാൾ ഉറപ്പ് നൽകിയിരുന്നു. തോട്ടക്കാട്ടുകരയിലെത്താമെന്നും അവിടെ നിന്ന് മകനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനുമായിരുന്നു തീരുമാനം. നിശ്ചിതസമയത്ത് മകൻ എത്തിയെങ്കിലും അജിത്ത് എത്തിയില്ല. ഫോൺ സ്വിച്ച് ഓഫുമായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് പി.ബി. സുനീർ തിരക്കിയപ്പോഴാണ് തൂങ്ങിമരിച്ച വിവരമറിയുന്നത്.
സെപ്തംബർ രണ്ടാംവാരത്തിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ മദ്യപിച്ചതായി കണ്ടെത്തിയ വിദ്യാർത്ഥികളെ ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് അശ്ലീലചിത്രം കാണിച്ചെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ ബിനാനിപുരം പൊലീസിൽ പരാതി നൽകി. കേസെടുത്തതോടെയാണ് അജിത്ത് ഒളിവിൽ പോയത്.
മൃതദേഹം ഇന്ന് രാവിലെ ഒൻപതിന് തോട്ടക്കാട്ടുകര എൻ.എസ്.എസ് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: രജനി. മക്കൾ: കൃഷ്ണപ്രഭ, കൃഷ്ണദാസ് (പടി. കടുങ്ങല്ലൂർ സഹകരണ ബാങ്ക്). മരുമകൻ: അനൂപ് (ചെന്നൈ).