kerala-high-court

കൊച്ചി : ശബരിമല വിഷയത്തിൽ പൊലീസിന്റെ പല നടപടികളിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. നവംബർ 16ന് സന്നിധാനത്തെ മുറികൾ പൂട്ടി താക്കോൽ കൈമാറാനും അന്നദാന കൗണ്ടറും പ്രസാദ കൗണ്ടറും രാത്രി പത്തോടെ അടയ്ക്കാനുമുള്ള പൊലീസിന്റെ സർക്കുലറുകൾ ആരുടെ നിർദ്ദേശ പ്രകാരമായിരുന്നെന്നും എന്തിനായിരുന്നെന്നും ഹൈക്കോടതി ആരാഞ്ഞു.

ദേവസ്വം ബോർഡിന് പൊലീസ് നൽകിയ ഈ നോട്ടീസുകളെക്കുറിച്ച് ഡി.ജി.പി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻബെഞ്ച് ഇത്തരം സാഹചര്യം പരിതാപകരമാണെന്നും കുറ്റപ്പെടുത്തി. എന്നാൽ സുരക്ഷയുടെ ഭാഗമായി നൽകിയ സർക്കുലറുകൾ അന്നുതന്നെ പിൻവലിച്ചെന്ന് അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. രാത്രി 11ന് ഹരിവരാസനം പാടി നടയടച്ചശേഷം ഭക്തർക്ക് ഭക്ഷണവും പ്രസാദവും ലഭ്യമാകാത്ത സാഹചര്യമുണ്ടാക്കുന്നത് അവരെ പരിഭ്രാന്തരാക്കില്ലേയെന്നും കോടതി വാക്കാൽ ചോദിച്ചു.

പൊലീസിനെതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾക്കെതിരെ ഐ.പി.എസ് അസോസിയേഷന്റെ പ്രമേയമുണ്ടെന്ന് ഹർജിക്കാരിലൊരാൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ കോടതിയുടെ നടപടികളിൽ ഇടപെടുന്നതല്ലെന്ന കാരണത്താൽ ആ വിഷയം പരിഗണിക്കുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു. പ്രതികൂല പരാമർശങ്ങൾക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ ഇതിൽ ഹർജിക്കാർ ആകുലപ്പെടേണ്ടെന്നും സർക്കാരിന് നിയമാനുസൃതമായ മേൽനടപടികൾ സ്വീകരിക്കാൻ തടസമില്ലെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു.

ജഡ്ജിയെ തടഞ്ഞ പൊലീസ്

ഉദ്യോഗസ്ഥനെതിരെ നടപടിയില്ല

രണ്ടു മൂന്നു ദിവസം മുമ്പ് ശബരിമല ദർശനത്തിനെത്തിയ ഒരു ഹൈക്കോടതി ജഡ്ജിയെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങിയതാണ്. ഇൗ ഐ.പി.എസ് ഉദ്യോഗസ്ഥനെ വ്യക്തിപരമായി കേസിൽ കക്ഷിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ദർശനത്തിനു പോയ ജഡ്‌ജി തുടർ നടപടി വേണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ മാപ്പുപറഞ്ഞെന്നും അയാൾ കരയുന്ന അവസ്ഥയിലെത്തിയെന്നും

വ്യക്തമാക്കി. ഇക്കാരണത്താലാണ് ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടെന്നുവച്ചത്. അതേസമയം ഇപ്പോഴും ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞില്ല. ഒരു ഉദ്യോഗസ്ഥന്റെ കരിയർ നശിപ്പിക്കാൻ കോടതി ആഗ്രഹിക്കുന്നില്ല. സേനയിൽ വേറെ ഉദ്യോഗസ്ഥരെ നിയമിക്കാൻ കിട്ടിയില്ലേയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു.