കൊച്ചി : സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്നും ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ തടയാനാണ് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നിയന്ത്രണമില്ലെന്നും പ്രതിഷേധക്കാരെ തടയാനാണ് നടപടിയെടുത്തതെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി.
സുഗമമായ ദർശനത്തിന് തടസമില്ല. എന്നാൽ നിരോധനാജ്ഞ ലംഘിച്ച് നാമജപത്തിന്റെ മറവിൽ പ്രതിഷേധിക്കുന്നവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. സുപ്രീംകോടതി വിധിയനുസരിച്ച് ദർശനത്തിന് അനുമതി തേടിയെത്തിയ യുവതികൾക്ക് സംരക്ഷണം നൽകിയിരുന്നു. പ്രതിഷേധക്കാരുടെ എതിർപ്പുമൂലം ഇവർക്ക് ദർശനം നടത്താനായില്ല. ദർശനത്തിനെത്തുന്ന യുവതികൾക്ക് സുരക്ഷ ഒരുക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. എന്നാൽ ദർശനത്തിനായി യുവതികളെ സർക്കാർ ക്ഷണിച്ചു വരുത്തിയിട്ടില്ല. പ്രതിഷേധക്കാരിൽ പലരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ശബരിമലയിൽ ഉണ്ടായ സംഭവങ്ങൾ ഡി.ജി.പി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാണെന്നും എ.ജി ചൂണ്ടിക്കാട്ടി. അതേസമയം ശബരിമലയിൽ ദേവസ്വം ബോർഡിന്റെ രേഖാമൂലമുള്ള അപേക്ഷയില്ലാതെയാണ് പൊലീസ് ഇടപെടലെന്നും ത്രിവേണിക്കപ്പുറത്തേക്ക് പൊലീസിനെ അമിതമായി വിന്യസിക്കരുതെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അന്നദാനത്തിനുള്ള ഭക്ഷണം പാകം ചെയ്യുന്നത് ദേവസ്വം ബോർഡ് നേരിട്ടല്ലെന്നും ഹർജിക്കാർ ആരോപിച്ചു. തുടർന്ന് ഇക്കാര്യത്തിൽ ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
പാമ്പ് ശല്യം ഒഴിവാക്കണം
പ്രളയദുരന്തത്തിനു ശേഷം ശബരിമലയിൽ പാമ്പ് ശല്യം രൂക്ഷമാണെന്നും ഇതിനു വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. രണ്ടുനാൾ മുമ്പ് സന്നിധാനത്ത് രക്തഅണലിയെ കണ്ടെത്തിയിരുന്നു. ഇതിനെ വനംവകുപ്പ് പിടികൂടി. നട തുറന്ന് ഇതുവരെ 60 പാമ്പുകളെ വനം വകുപ്പ് പിടികൂടിയിരുന്നു.