കൊച്ചി : പൊലീസ് പീഡനമാരോപിച്ച് ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഒരു കോടി രൂപ നഷ്ടപരിഹാരം തേടി തിരുവനന്തപുരം സബ് കോടതിയിൽ നൽകിയ പരാതിയിൽ എതിർ കക്ഷിയാണ് മുൻ ഡി.ജി.പി ടി.പി. സെൻകുമാറെന്ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കുന്നതിനുള്ള ശുപാർശ സർക്കാർ അനാവശ്യമായി വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ടി.പി. സെൻകുമാർ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണ പത്രിക നൽകിയത്.
നമ്പി നാരായണന്റെ കേസിലെ ഏഴാം എതിർ കക്ഷിയാണ് ടി.പി. സെൻകുമാർ. നമ്പി നാരായണനെതിരായ പൊലീസ് നടപടികൾ സുപ്രീംകോടതി നിയോഗിച്ച സമിതി പരിഗണിക്കാനിരിക്കുകയാണ്. സെൻകുമാറിനെതിരെ കേസും പരാതിയുമുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിൽ ദുരുദ്ദേശ്യമുണ്ടെന്ന് പറയാൻ കഴിയില്ല. കെ.എ.ടി അംഗമായി തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട വിഷയമാണിത്. കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ടെന്ന് ഭരണപരിഷ്കരണ വകുപ്പ് ജോയിന്റ് സെക്രട്ടറി വി.എസ്. ഗോപാൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. സെൻകുമാറിനെതിരായ കേസുകളുടെ അന്തിമഫലം വ്യക്തമാക്കി ഫയൽ വീണ്ടും സമർപ്പിക്കാൻ നിർദ്ദേശമുണ്ട്. എന്നാൽ ഇൗ കേസുകളുടെ അന്തിമഫലം വന്നിട്ടില്ല. കെ.എ.ടി അംഗമായി നിയമിക്കുന്നതിനുള്ള ശുപാർശയുണ്ടെന്നല്ലാതെ ഉത്തരവിറങ്ങിയില്ല. ആ നിലയ്ക്ക് സെൻകുമാറിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ആവശ്യപ്പെടാനാവില്ലെന്നും വിശദീകരണ പത്രികയിൽ പറയുന്നു.