ajesh

ആലുവ: അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടിയോളം രൂപ വിലവരുന്ന ഒന്നേകാൽ കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് എക്‌സൈസ് പിടികൂടി. ഇടുക്കി അയ്യപ്പൻകോവിൽ തൊപ്പിൽപ്പാല മനലേമാക്കൽവീട്ടിൽ അജേഷ് ചന്ദ്രൻ (36) ആണ് അറസ്റ്റിലായത്. ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ബാഗിലായിരുന്നു ഹാഷിഷ് ഓയിൽ. ഇടുക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയാ സംഘത്തിലെ കണ്ണിയാണ് അജേഷ്. ഇയാൾ ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് ചെന്നൈ, സേലം, പാലക്കാട് വഴി ബസുകളിൽ മാറിക്കയറിയാണ് ആലുവയിലെത്തിയത്. ഇടുക്കിയിലേക്കുള്ള ബസ് കാത്തു നിൽക്കുന്നനിടെയാണ് പിടിവീണത്.

പത്ത് വർഷത്തോളമായി അജേഷ് ലഹരിക്കടത്തിലെ കണ്ണിയാണെങ്കിലും ആദ്യമായാണ് പിടിയിലാകുന്നതെന്ന് എക്സൈസ് പറഞ്ഞു.

സി.ഐ ടി.എൻ. സുധീർ, ഇൻസ്‌പെക്ടർ എം. ജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, ടി.ഡി. ജോസ്, എം.പി. ഉമ്മർ, സി.ഇ.ഒമാരായ സി.ടി. സുനീഷ് കുമാർ, എസ്. സിദ്ധാർത്ഥ്, പി.ജി. അനൂപ്, എ.പി. പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആലുവ കോടതി റിമാൻഡ് ചെയ്തു.