high
ഹൈക്കോടതി

കൊച്ചി : വൻ പൊലീസ് സന്നാഹമൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും ചില വിധികൾ നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം പള്ളിക്കേസിൽ എന്തുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി ആരാഞ്ഞു. പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുൾപ്പെടെ നൽകിയ ഹർജികൾ പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചോദിച്ചത്.

സർക്കാരിന് കോടതി ഒരവസരം നൽകുന്നു. വിധി നടപ്പാക്കാൻ നിയമനടപടി സ്വീകരിക്കുമോ എന്നും ഒത്തുതീർപ്പെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണോ എന്നും കോടതി ചോദിച്ചു. എന്നാൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രണ്ടാഴ്ച സമയം അനുവദിച്ച ഡിവിഷൻബെഞ്ച് ഹർജികൾ ഡിസംബർ 11ന് പരിഗണിക്കാൻ മാറ്റി.

ഒത്തുതീർപ്പിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിനുള്ള കഴിവുകേടാണ് പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്നതെന്ന് ഡിവിഷൻബെഞ്ച് കുറ്റപ്പെടുത്തി. വിധി നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെങ്കിലും പിറവത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാരും പൊലീസും നടപടിയെടുക്കാത്തതെന്ന് എ.ജി വാദിച്ചു. പിറവത്ത് വിധി നടപ്പാക്കാൻ പൊലീസ് നടപടിയെടുത്താൽ രക്തച്ചൊരിച്ചിലും ആത്മാഹുതിയുമുണ്ടാകുമെന്നും സർക്കാർ വിശദീകരിച്ചു.

പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളുടെ അനുമതി വിധി നടപ്പാക്കാൻ തേടുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി പ്രഥമദൃഷ്ട്യാ കോടതിക്ക് ബോദ്ധ്യമാകുന്നുണ്ടെങ്കിലും കൂടുതലൊന്നും പറയുന്നില്ല.

5000 പൊലീസുകാരെ വിന്യസിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കോടതിവിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരിന് തീവ്രത കുറഞ്ഞതും 200 - 400 പേർ ഉൾപ്പെട്ടതുമായ കേസിന്റെ വിധി നടപ്പാക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. വിധി നടപ്പാക്കാനാവില്ലെന്ന നിസഹായാവസ്ഥ പൊലീസിന് എങ്ങനെ സ്വീകരിക്കാനാവുമെന്നും ഡിവിഷൻബെഞ്ച് ഇടക്കാല വിധിയിൽ ആരാഞ്ഞു.