flex

കൊച്ചി : അനധികൃത ഫ്ളക്‌സുകളും പരസ്യബോർഡുകളും നീക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പൊതു താത്പര്യ സ്വഭാവത്തിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡിവിഷൻ ബെഞ്ചിനു വിടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇൗ വിഷയത്തിൽ ഹർജിക്കാരുടെ നിലപാട് അറിയിക്കാൻ നിർദേശിച്ച സിംഗിൾബെഞ്ച് ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.

കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിക്കു മുന്നിലെ അനധികൃത ഫ്ളക്സുകളും പരസ്യ ബോർഡുകളും നീക്കാൻ നടപടയാവശ്യപ്പെട്ട് പള്ളിഅധികൃതർ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ളക്സ് - പരസ്യ ബോർഡുകൾ നീക്കാനും ഇവ സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കാനും നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അനധികൃത ഫ്ളക്സ് - പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഇതനുസരിച്ച് നടപടിക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് പൊലീസിന്റെ സഹായം തേടാമെന്ന് പഞ്ചായത്ത് ഡയറക്ടർ സർക്കുലർ ഇറക്കിയെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ പുരോഗതി ഉണ്ടെങ്കിലും പലയിടങ്ങളിലും ഭരണത്തിലിരിക്കുന്ന പാർട്ടിയടക്കമുള്ള പ്രമുഖ പാർട്ടികൾ നിയമലംഘനം നടത്തുകയാണെന്നും പാർട്ടികൾ സർക്കാരിന്റെയും കോടതിയുടെയും നിർദേശം മാനിക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കൊച്ചി നഗരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ബാനറുകളുമൊക്കെയുണ്ടെന്നും ഇവ നീക്കുന്നുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. പുതിയ സർക്കുലറിന്റെ സഹായത്താൽ ഇവ നീക്കുന്നതിനൊപ്പം കേസ് നടപടി തുടങ്ങുമെന്നും കൊച്ചി കോർപ്പറേഷന്റെ അഭിഭാഷകൻ വ്യക്തമാക്കി. അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടികളാണ് ഉത്തരവ് ലംഘിക്കുന്നതെന്നും തങ്ങൾക്കെതിരെ നിയമ നടപടിയുണ്ടാവില്ലെന്ന ചിന്ത അവർക്കുണ്ടാവുമെന്നും കോടതി അഭിപ്രായപ്പെട്ടു. അനധികൃത ബോർഡുകൾ നീക്കിയശേഷം ബന്ധപ്പെട്ടവർക്കെതിരെ കേസെടുത്താൽ മാത്രം പോരാ. ഇതിനുത്തരവാദികളായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്തണം. ബോർഡുകൾ നീക്കം ചെയ്യാനുള്ള ചെലവെങ്കിലും ഈ ഇനത്തിൽ ലഭിക്കും. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകളും ഇതിനോടു യോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് ഇൗ വിഷയം പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിന് വിടണമെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ആവശ്യപ്പെട്ടത്.