court

കൊച്ചി : കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ കൈകാര്യം ചെയ്യാൻ വിവിധ ജില്ലകളിൽ പോക്‌സോ നിയമപ്രകാരം നിയമിച്ച സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർമാരിൽ മൂന്നു പേരുടെ യോഗ്യത പുന:പരിശോധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കൊല്ലം ജില്ലയിലെ സുബോത്രൻ, വയനാട്ടിലെ എം.ജി. സിന്ധു, മലപ്പുറത്തെ ഐഷ. പി. ജമാൽ എന്നിവരുടെ നിയമനം പുന: പരിശോധിക്കാനാണ് ഉത്തരവിട്ടത്. ഇവയൊഴികെയുള്ള നിയമനങ്ങൾക്കെതിരെ വിവിധ വ്യക്തികൾ നൽകിയ അപ്പീലുകളും ഹർജികളും ഡിവിഷൻബെഞ്ച് തള്ളി.

പോക്‌സോ കേസുകളിൽ ഹാജരാകുന്ന സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനായി യോഗ്യതയും മുൻപരിചയവും കഴിവും പശ്ചാത്തലവും പരിശോധിക്കേണ്ടത് അതത് ജില്ലാ ജഡ്ജിമാരാണ്. സുബോത്രന്റെ കാര്യത്തിൽ കഴിവു വിലയിരുത്താൻ സമയം ലഭിച്ചില്ലെന്നും ലിസ്റ്റിലുൾപ്പെട്ട മറ്റ് രണ്ടുപേരും യോഗ്യതയുള്ളവരാണെന്ന് റിപ്പോർട്ട് നൽകിയെന്നും ജില്ലാ ജഡ്ജി വ്യക്തമാക്കിയിരുന്നു. ഇതു മറികടന്ന് സുബോത്രനെ നിയമിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വയനാട്ടിൽ എം.ജി. സിന്ധുവിനെതിരെ ക്രിമിനൽ കേസ് നിലവിലുണ്ടെന്ന വിവരം ജില്ലാ കളക്ടർക്ക് ലഭിച്ചത് ഇവരുടെ കാര്യത്തിൽ ജില്ലാ ജഡ്ജി അഭിപ്രായം രേഖപ്പെടുത്തിയശേഷമാണ്. എന്നാൽ ഇക്കാര്യം കളക്ടർ ഒന്നരവർഷം ഫയലിൽതന്നെ സൂക്ഷിച്ചെന്നും ഇവർക്ക് നിയമനം നൽകിയെന്നും കോടതി വിലയിരുത്തി. മലപ്പുറത്ത് നിയമനം ലഭിച്ച ഐഷ. പി. ജമാലിനേക്കാൾ പ്രവൃത്തിപരിചയമുള്ളവരെ തഴഞ്ഞ് ഇവർക്ക് നിയമനം നൽകാനിടയായ സാഹചര്യം വ്യക്തമല്ലെന്നും ഹൈക്കോടതി വിശദീകരിച്ചു. ഇവരുടെ യോഗ്യത അതത് ജില്ലാ ജഡ്ജിമാർ പുന: പരിശോധിക്കണമെന്നും ഇതിനായി ഫയലുകൾ ജില്ലാ കളക്ടർമാർ കൈമാറണമെന്നും യോഗ്യരെന്ന് കണ്ടാൽ തുടരാമെന്നും അല്ലാത്തപക്ഷം ലിസ്റ്റിൽ നിന്ന് യോഗ്യരായവരെ നിയമിക്കാനും വിധിയിൽ പറയുന്നു.