കോലഞ്ചേരി : കാനഡയിൽ ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ ഏഴാംക്ളാസുകാരൻ വ്യാജ ഡോക്ടർ അറസ്റ്റിൽ. തിരുവനന്തപുരം മണ്ണാംപ്ളാകം വടക്കേതട്ട് വീട്ടിൽ ഉദയകുമാറാണ് (38) പൊലീസിന്റെ പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കോലഞ്ചേരി മെഡിക്കൽ കോളേജിലെ രണ്ട് നഴ്സുമാരിൽ നിന്നായി 80 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്ത് മാലിക്കാരി യുവതിക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്ന ഉദയകുമാറിനെ, സി.ഐ. സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മറ്റു പലരെയും ഇതേ രീതിയിൽ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്നും സൂചനയുണ്ട്. ആലപ്പുഴ നീണ്ടൂർ പീഡനക്കേസ്, ചങ്ങനാശേരി, തമിഴ്നാട് കടലൂർ സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയാണ്. നെയ്യാറ്റിൻകരയിൽ ക്ലിനിക് നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ബാങ്ക് വായ്‌പ തരപ്പെടുത്താമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത പരാതികളും പൊലീസിന് ലഭിച്ചു.
മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐ കെ.പി. ജയപ്രസാദ്, എ.എസ്.ഐ. ജോയി, സീനിയർ സി.പി.ഒ ജയകുമാർ, സി.പി.ഒ റിതേഷ് എന്നിവരുമുണ്ടായിരുന്നു.