bjp

കൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങൾ പൂർണമായി നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ മൂന്നു മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്‌ണൻ നിരാഹാരമിരിക്കും. രണ്ടാഴ്ചത്തേയ്‌ക്കുള്ള സമരപരിപാടികളാണ് പ്രഖ്യാപിച്ചത്. ഓരാേ ദിവസവും വിവിധ ജില്ലാ കമ്മിറ്റികൾ നേതൃത്വം നൽകും. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശാണ് കോ-ഓർഡിനേറ്റർ. സെക്രട്ടറിമാരായ ജെ.ആർ. പദ്‌മകുമാർ, ശിവൻകുട്ടി, സജീവ് എന്നിവർ സഹ- കോ -ഓർഡിനേറ്റർമാരാണ്.

കെ. സുരേന്ദ്രൻ ഉൾപ്പെടെ ഭക്തർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ ന‌ടപ‌ടിയെടുക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.

അഞ്ചു മുതൽ പത്താം തീയതി വരെ പഞ്ചായത്ത് തലത്തിൽ അയ്യപ്പ ഭക്ത സദസുകൾ സംഘടിപ്പിക്കും.

ശബരിമല വിഷയം പഠിക്കാൻ കേന്ദ്ര നേതൃത്വം നിയോഗിച്ച ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള നാലംഗ എം.പി മാരുടെ സംഘം രണ്ടിന് കൊച്ചിയിലെത്തും. ശബരിമല കർമ്മ സമിതി, ബി.ജെ.പി കോർ കമ്മിറ്റി, പന്തളം രാജകൊട്ടാര പ്രതിനിധികൾ, തന്ത്രി കുടുംബം എന്നിവരുമായി ചർച്ച നടത്തും. രണ്ടിന് എറണാകുളത്ത് വച്ച് ശബരിമലയിൽ പൊലീസ് പീഡനത്തിന് ഇരയായവരിൽ നിന്ന് മൊഴിയെടുക്കും. ഗവർണറുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. നിലയ്‌ക്കലിൽ മോശമായി പെരുമാറിയ എസ്.പി. യതീഷ് ചന്ദ്രയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലയുടെ മകൻ മാനനഷ്‌‌ട കേസ് നൽകും. പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ചവർക്കെതിരെയും കേസു കൊടുക്കും. ശ്രീധരൻ പിള്ള പറഞ്ഞു.പി.സി. ജോർജ് എം.എൽ.എയുമായി ഇഴുകി ചേർന്ന് പ്രവർത്തിക്കും. നിയമസഭയിൽ ഒരു പ്‌ളാറ്റ്ഫോമിലായിരിക്കും നിൽക്കുക. എൻ.ഡി.എയിലേക്ക് ജോർജ് വരുമോയെന്നറിയില്ല.