bodo-two

കൊച്ചി: പെരുമ്പാവൂരിലെ പ്ളൈവുഡ് കമ്പനിയിൽ ഒളിവിൽ കഴിഞ്ഞ ബോഡോ തീവ്രവാദികളെ പൊലീസ് പിടികൂടി. അസാം കോക്ക്രജാർ ജില്ലക്കാരായ ബി. മെഹർ എന്ന മനു ബസുമാതിരി (25), പ്രീതം ബസുമാതിരി (24), ബി. ദലാഞ്ച് എന്ന ധൂംകേതു ബ്രഹ്മ എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് അസാം പൊലീസിന് കൈമാറും.
ആയുധപരിശീലനം ലഭിച്ച ഇവർക്കെതിരെ വധശ്രമം, ആയുധനിയമം, തീവ്രവാദ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) എന്നിവ പ്രകാരം കേസുകളുണ്ട്.

അസാം പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് നടത്തിയ അന്വേഷണമെത്തിയത് പെരുമ്പാവൂർ മണ്ണൂരിലുള്ള സ്‌കൈ പ്ളെയ്സ് എന്ന പ്‌ളൈവുഡ് കമ്പനിയിലാണ്. തീവ്രവാദികളുടെ കൈവശം ആയുധങ്ങളുണ്ടെന്ന സംശയത്താൽ ബുധനാഴ്ച രാത്രി കമ്പനിയിൽ പ്രവേശിക്കാനുള്ള നീക്കം പൊലീസ് അവസാന നിമിഷം ഉപേക്ഷിച്ചു.

ആലുവ റൂറൽ പൊലീസ് മേധാവിയുടെ ചുമതലയുള്ള കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജെ. ഹിമേന്ദ്രനാഥ്, പെരുമ്പാവൂർ ഡിവൈ.എസ്.പി ജി. വേണു എന്നിവരുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം ഇന്നലെ രാവിലെ മഫ്‌തി വേഷത്തിൽ കമ്പനി പരിസരത്തെത്തി. പെട്ടി ആട്ടോറിക്ഷയിൽ വിറക് ശേഖരിക്കാനെന്ന വ്യാജേന നാല് എസ്.ഐമാർ കമ്പനിക്കുള്ളിൽ പ്രവേശിച്ചു.

സംശയം തോന്നിയവരെ മലമ്പനിയുണ്ടോയെന്ന് പരിശോധിക്കാനായി മറ്റൊരു പൊലീസ് സംഘത്തിന്റെ മുന്നിലെത്തിച്ചു. അസാം പൊലീസ് നൽകിയ രേഖകളുമായി ഇവരെ ചോദ്യം ചെയ്‌തപ്പോൾ ബോഡോ തീവ്രവാദികളെന്ന് വ്യക്തമായി. പിന്നീട് ഇവരെ കുന്നത്തുനാട് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു.

കമ്പനിക്കുള്ളിൽ ഇവർ താമസിച്ചിരുന്ന മുറി പൊലീസ് സീൽ ചെയ്‌തു. ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. മറ്റു ജീവനക്കാരുമായി ഇവർ അടുത്തിടപെട്ടിരുന്നില്ല. പുറത്തേക്ക് പോകാറുമില്ലായിരുന്നു.

 പരിശീലനം മ്യാൻമറിൽ

2014 ലാണ് ഇവർ ബോഡോ തീവ്രവാദ ഗ്രൂപ്പിൽ അംഗങ്ങളായത്. വെടിവയ്പ്, സ്‌ഫാേടക വസ്തുക്കളുടെ ഉപയോഗം എന്നിവയിൽ മ്യാൻമറിൽ രണ്ടു മാസം പരിശീലനം ലഭിച്ചു. 2017ൽ അസാമിലെ കോക്ക്രജാർ ജില്ലയിലെ ഗാസിഗോണിൽ ഗ്രാമവാസിയെ മെഷീൻ ഗണ്ണുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളാണ്. ഇവർക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. ഇയാളെ അസാം പൊലീസ് പിടികൂടിയതോടെ സംഘം ഹൈദരാബാദിൽ ഒളിവിൽ പാർത്തു. ഇതിനു ശേഷം കേരളത്തിലെത്തി ഒരു മാസം പെരുമ്പാവൂർ നങ്ങേലിപ്പടിയിലുള്ള പ്‌ളൈവുഡ് കമ്പനിയിൽ ജോലി ചെയ്‌തു.

15 ദിവസം മുമ്പാണ് മണ്ണൂരിലെ കമ്പനിയിലെത്തിയത്. തിരിച്ചറിയൽ രേഖകളൊന്നും ഇവർക്കില്ലായിരുന്നു. അധികൃതർ ചോദിക്കുമ്പോൾ ഉടൻ നൽകാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നതായിരുന്നു രീതി. തടി ചുമന്ന് മെഷീനിൽ എത്തിക്കുന്നതായിരുന്നു ജോലി. ഇവർ ജോലി ചോദിച്ച് നേരിട്ട് കമ്പനികളിലെത്തിയതാണെന്ന് പൊലീസ് പറഞ്ഞു.