highcourt

കൊച്ചി : യു.ജി.സി മാനദണ്ഡങ്ങൾക്കനുസരിച്ചല്ലെന്ന് കണ്ടെത്തി അലിഗഢ് മുസ്ളിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലെ നാല് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് സ്വദേശി ഡോ. കെ.വി. ഹംസ നൽകിയ ഹർജിയിലാണ് നടപടി. മാനേജ്മെന്റ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ലുബിന അൻസാരി, പി. മുഹമ്മദ് യാഷിക്, കെ.വി. ഷഫീഖ് റഹ്‌മാൻ, സെയ്ദ് അഹമ്മദ് സാദ് എന്നിവരുടെ നിയമനങ്ങളാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഇൗ ഒഴിവുകളിലേക്ക് ചുരുക്കപ്പട്ടികയിൽ നിന്ന് യോഗ്യരായ ഉദ്യോഗാർത്ഥികളെ രണ്ടു മാസത്തിനുള്ളിൽ നിയമിക്കാനും കോടതി വിധിച്ചു.

യു.ജി.സി മാനദണ്ഡമനുസരിച്ച് ഉദ്യോഗാർത്ഥികളുടെ അക്കാഡമിക് മേഖലയിലെയും ഗവേഷണ മേഖലയിലെയും മികവിന് 50 ശതമാനം മാർക്കും അദ്ധ്യാപക രംഗത്തെ മികവിനും പരിജ്ഞാനത്തിനും 30 ശതമാനം മാർക്കും അഭിമുഖത്തിന് 20 ശതമാനം മാർക്കും വേണം. എന്നാൽ സർവകലാശാല അധികൃതർ അഭിമുഖത്തിന്റെ മാർക്ക് മാത്രം കണക്കിലെടുത്താണ് നിയമനം നടത്തിയതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മൂന്നു വിഭാഗങ്ങളിലെയും മാർക്ക് കണക്കിലെടുക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി വ്യക്തമാക്കി.