തൃക്കാക്കര : തൃക്കാക്കര നഗര സഭ കൗൺസിലർ ഷീല ചാരുവിനും കുടുംബത്തിനും നേർക്ക് ഭീഷണി.നഗര സഭയിലെ യു.ഡി.എഫ് ഭരണ സമിതിക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിനെത്തുടർന്നാണ് ഭീഷണിക്കാധാരമെന്നാണ് സൂചന.ഭീഷണിക്കാര്യം ഷീല ചാരു സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.വീടും പരിസരവും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു.വീട് പാർട്ടി പ്രവർത്തകരുടെ നിരീക്ഷണത്തിലാണ്.സംഭവത്തെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.കാക്കനാട് ടി.വി സെന്റർ മുസ്ലിം പളളിക്ക് സമീപമാണ് ഷീല ചാരുവിന്റെ വീട്.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 20-ാം ഡിവിഷനിൽ നിന്നും മത്സരിച്ചു വിജയിച്ച ഷീല കോൺഗ്രസുമായി അഭിപ്രായവ്യത്യാസങ്ങളുടെ പേരിലാണ് കഴിഞ്ഞ ദിവസം നടന്ന നഗര സഭ ചെയർപേഴ്സനും വൈസ് ചെയർമാനുമെതിരെ അവിശ്വാസ വോട്ടെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം നിന്നത്.സോഷ്യൽ മീഡിയയിലൂടെ ചിലർ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഷീല ചാരു പറഞ്ഞു. ഇവർക്കെതിരെ പരാതികൊടുക്കുമെന്നും അവർ വ്യക്തമാക്കി. കോൺട്രാക്ടറായ ഭർത്താവ് ചാരുവും മകളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.