bevco
ആലുവ സിവിൽ സ്‌റ്റേഷൻ റോഡിലെ ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാല

ആലുവ: സിവിൽ സ്‌റ്റേഷൻ റോഡിലെ ബിവറേജ് മദ്യശാലയിൽ പുതിയ ഔട്ട് ലെറ്റിന് നൽകിയ അനുമതി പിൻവലിക്കണമെന്ന ആവശ്യം ശക്തമായി. ജി.സി.ഡി.എ പൂർണനഗർ റസിഡന്റ്സ് അസോസിയേഷനാണ് നഗരസഭ സെക്രട്ടറി, കൗൺസിലർമാർ എന്നിവർക്ക് പരാതി നൽകിയത്.

കെട്ടിടത്തോട് ചേർന്ന് അൻവർ ആശുപത്രിയിലേക്കുള്ള വഴിയിൽ പുതിയ വിൽപ്പന കേന്ദ്രം തുടങ്ങാൻ നീക്കമുള്ളതായാണ് പരാതി. പൊതുവിൽ ശല്യമായി മാറിയിട്ടുള്ള മദ്യ ശാലയ്ക്ക് പുതിയ കൗണ്ടർ കൂടി വരുന്നത് ദുരിതം ഇരട്ടിയാക്കുമെന്നാണ് ആക്ഷേപം. ആശുപത്രിയിലേക്കുള്ള വഴിയിൽ കൗണ്ടർ വരുന്നതോടെ രോഗികളും ദുരിതമനുഭവിക്കേണ്ടി വരും. മദ്യപാനികൾ കൂട്ടം കൂടി നിൽക്കുന്നതിനാൽ നിലവിൽ ആംബുലൻസടക്കമുള്ള വാഹനങ്ങൾ കൊണ്ടുപോകാൻ തന്നെ പ്രയാസപ്പെടുകയാണ്.
മദ്യശാല മൂലം പ്രദേശത്ത് മദ്യപന്മാരും അനധികൃത മദ്യ വിൽപ്പനക്കാരും തമ്പടിക്കുകയാണ്. ഇതുമൂലം ഈ മേഖല സാമൂഹ്യവിരുദ്ധരുടെ നിയന്ത്രണത്തിലാണുള്ളത്. മിനി സിവിൽ സ്‌റ്റേഷനിലടക്കം നിരവധി സർക്കാർ ഓഫിസുകളാണ് ഈ ഭാഗത്ത് പ്രവർത്തിക്കുന്നത്. ഇത്തരം ഓഫിസുകളിൽ നിത്യേന നിരവധിയാളുകൾ പല കാര്യങ്ങൾക്കായി വന്നുപോകുന്നുണ്ട്. സ്ത്രീകളടക്കം നൂറുകണക്കിന് ജീവനക്കാർ മാത്രം ഈ ഓഫിസുകളിൽ എത്തുന്നുണ്ട്.

അൻവർ മെമ്മോറിയൽ ആശുപത്രി, അൻവർ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ , ഡോ: ടോണീസ് കണ്ണാശുപത്രി, സ്വകാര്യ ആയുർവേദ ആശുപത്രി എന്നിവ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ അൻവർ ആശുപത്രിയിലേക്കും പാലിയേറ്റീവ് കെയറിലേക്കും രോഗികളടക്കമുള്ള പലരും എളുപ്പത്തിൽ കടന്നു പോകുന്നത് മദ്യശാലയോട് ചേർന്ന വഴിയിലൂടെയാണ് .