vanitha
പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ തെങ്ങുകയറ്റ പരിശീലനം പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 40 വനിതകൾക്ക് യന്ത്രവത്കൃത തെങ്ങുകയറ്റത്തിൽ പരിശീലനം നൽകി. മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതി പ്രകാരമായിരുന്നു പരിശീലനം. ആറ് പഞ്ചായത്തുകളിൽ നിന്നായി 40 പേർ പങ്കെടുത്തു.

പരിശീലനത്തിനു ശേഷം ബ്ലോക്കിൽ നിന്ന് സൗജന്യമായി തെങ്ങുകയറ്റ യന്ത്രം നൽകും. രണ്ടുപേർക്ക് ഒരെണ്ണം എന്ന രീതിയിലായിരിക്കും യന്ത്രം നൽകുക. വടക്കാഞ്ചേരിയിൽ നിന്നുള്ള ഗ്രീൻ ആർമി അംഗങ്ങളായ ഉദയ, വാസന്തി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. കിണർ റീചാർജിംഗിലും പരിശീലനം നൽകി. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെ വനിതകൾക്ക് നടീൽ യന്ത്രത്തിലും ട്രാക്ടർ പ്രവർത്തനത്തിലും പരിശീലനം നൽകിക്കഴിഞ്ഞു. ഇവരുടെ നേതൃത്വത്തിൽ ലേബർ ഫെഡറേഷൻ എന്ന പേരിൽ പത്തുപേരടങ്ങുന്ന സംഘങ്ങൾ രൂപീകരിക്കും. കൃഷിപ്പണികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകി അതിലൂടെ വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം.
തെങ്ങുകയറ്റ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോ.ഓർഡിനേറ്റർ സി.ബി. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ചന്ദ്രശേഖര വാര്യർ, ജി.ഒ. ലളിതാംബിക, അംഗങ്ങളായ പ്രസന്ന ബാലകൃഷ്ണൻ, ടി.എ. ഇബ്രാഹിംകുട്ടി, രഞ്ജിനി അംബുജാക്ഷൻ, രാജേഷ് മടത്തിമൂല എന്നിവർ പങ്കെടുത്തു.