santhosh-echikkanam

കൊച്ചി : ദളിത് വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന കേസിൽ കഥാകൃത്ത് സന്തോഷ് എച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു. മുൻകൂർ ജാമ്യം തേടി സന്തോഷ് എച്ചിക്കാനം നൽകിയ ഹർജി തീർപ്പാക്കിയാണ് നിർദേശം.

ഹർജിക്കാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായാൽ ചോദ്യം ചെയ്യലിനുശേഷം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കണം. കോടതി അന്നു തന്നെ ജാമ്യാപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്നും വിധിയിൽ പറയുന്നു. ദളിത് വിഭാഗങ്ങളിൽ സാമൂഹ്യമായോ സാമ്പത്തികമായോ ഉന്നതിയിലെത്തുന്നവർ ഉയർന്ന ജാതിക്കാരാവാൻ ശ്രമിക്കുമെന്നും തനിക്ക് ഇങ്ങനെ പെരുമാറുന്ന ഒരാളെ അറിയാമെന്നും സന്തോഷ് എച്ചിക്കാനം ഒരു ടി.വി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇതു തനിക്കെതിരെയാണെന്നാരോപിച്ച് സി. ബാലകൃഷ്‌ണൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹർജിക്കാരൻ ദളിത് വിഭാഗത്തിലെ ചിലരുടെ ചിന്തകൾ ചൂണ്ടിക്കാട്ടിയതാണെന്നും സദുദ്ദേശ്യപരമായ കമന്റാണ് നടത്തിയതെന്നും ഹൈക്കോടതി വിലയിരുത്തിയാണ് ഹർജി തീർപ്പാക്കിയത്.