തൊടുപുഴ: അധഃസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി മഹാത്മ അയ്യൻകാളി വെങ്ങന്നൂരിലെ നാട്ടുവഴികളിൽ നിന്നും കവടിയാറിലെ രാജവീഥിയിലേക്ക് നടത്തിയ വില്ലുവണ്ടിയാത്രയുടെ 125-ാമത് വാർഷികാഘോഷം 'സ്മൃതിപഥം' എന്ന പേരിൽ പുന്നലശ്രീകുമാർ നേതൃത്വം കൊടുക്കുന്ന കെ.പി.എം.എസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മുഴുവൻ യൂണിയൻ തലങ്ങളിലും നടത്തും. ഇടുക്കിയിൽ അഞ്ചിന് കെ.പി.എം.എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഘോഷയാത്രയോടും സാംസ്‌കാരിക സമ്മേളനത്തോടും കൂടി തൊടുപുഴയിൽ നടത്തും. മങ്ങാട്ടുകവലയിൽ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഘോഷയാത്രയിൽ ജില്ലയിലെ 5 യൂണിയനുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രവി കൺട്രാമറ്റം അദ്ധ്യക്ഷത വഹിക്കും. ജോയ്സ് ജോർജ് എം.പി, മുഖ്യപ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എം.എൽ.എ പ്രതിഭപുരസ്‌കാര സമർപ്പണം നടത്തും. ഇ.എസ്. ബിജിമോൾ എം.എൽ.എ വിദ്യാഭ്യാസ അവാർഡ് ദാനം നടത്തും. ഇ.എം. ആഗസ്തി എക്സ്. എം.എൽ.എ. മികച്ച കർഷകതൊഴിലാളിയെ ആദരിക്കും. കെ.പി.എം.എസ് സ്ഥാന കമ്മറ്റി അംഗം എ. സനീഷ്‌കുമാർ, സ്മൃതിപഥസന്ദേശം നൽകും. പത്രസമ്മേളനത്തിൽ രവീ കൺട്രാമറ്റം (പ്രസിഡന്റ് ജില്ലാ കമ്മറ്റി), കെ.കെ. രാജൻ (സംസ്ഥാന കമ്മറ്റി അംഗം), സാബു കൃഷ്ണൻ (ജില്ലാ സെക്രട്ടറി) കെ.കെ. സന്തോഷ് (ജില്ലാ കമ്മിറ്റി അംഗം) , എൻ.കെ. പ്രദീപ് (ജില്ലാ വൈസ് പ്രസിഡന്റ്), പ്രകാശ് തങ്കപ്പൻ (ജില്ല കമ്മറ്റി അംഗം), റ്റി.കെ. സുകുമാരൻ (ജില്ല ജോ. സെക്രട്ടറി, മോഹനൻ കത്തിപ്പാറ (ജില്ലാ ഖജാൻജി) എന്നിവർ പങ്കെടുത്തു.