രാജാക്കാട്: തളർന്ന് പോയ സഹപ്രവർത്തകനായി കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ച സ്‌നേഹവീട് ഒരുങ്ങി. മരത്തിൽ നിന്നും വീണ് കിടപ്പിലായ ചെമ്മണ്ണാർ മേലാളത്ത് ബാബുവിനാണ് കോൺഗ്രസ് ഉടുമ്പൻചോല മണ്ഡലം കമ്മറ്റി സ്‌നേഹ വീട് നിർമ്മിച്ച് നൽകുന്നത്. പാർട്ടിയുടെ സജീവ പ്രവർത്തകനായ ബാബു മാത്യൂ കൂലിവേല ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. കഴിഞ്ഞ വർഷം മരം മുറിക്കുന്നതിനിടയിൽ താഴെ വീണ് കാലുകൾ ഒടിയുകയും നട്ടെല്ലിന് സാരമായി പരിക്കേറ്റ് കിടപ്പിലാകുകയും ചെയ്തു. ഇതോടെ സഹായിക്കാൻ ആരുമില്ലാതായ കുടുംബത്തെ മണ്ഡലം കമ്മറ്റി ഏറ്റെടുക്കുകയായിരുന്നു. ബാബു മാത്യൂവിന്റെ ചികിത്സാചെലവുകളും ഇവരാണ് നടത്തുന്നത്. സ്വന്തമായി വീടില്ലാത്തതിനാൽ വീട് പണിത് നൽകുവാൻ കമ്മറ്റി തീരുമാനിക്കുകയും നാലുമാസം മുമ്പ് നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 7 ലക്ഷം രൂപ ചെലവിൽ പണി പൂർത്തിയാക്കിയ ഭവനത്തിന്റെ താക്കോൽ ദാനം നവംബർ 3നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കും. കോൺഗ്രസ് നേതാക്കളായ സാന്റോച്ചൻ കൊച്ചുപുര, ബെന്നി കുന്നേൽ, ഷാജു മാടപ്പാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.