sandal-theft-accused
മറയൂരിൽ ചന്ദനക്കുറ്റി മോഷ്ടിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതികൾ, അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം

മറയൂർ: ഒരുമാസത്തോളം തുടർച്ചയായി അരങ്ങേറിയ മറയൂരിലെ ചന്ദനമോഷണക്കസുകളിൽ പിടിയിലായത് വനപാലകർ. മൂന്ന് വർഷമായി ചന്ദന സംരക്ഷകരായി ജോലിചെയ്യുന്ന മറയൂർ കവകുടി ആദിവാസി കോളനിയിലെ നീലമേഘൻ (35), പെരിയകുടി ആദിവാസി കോളനിയിലെ ഗുരുശേഖരൻ (25), മാങ്കുളം സിങ്കുകുടി സ്വദേശിയും വനസംരക്ഷണ സമിതി പ്രസിഡന്റുമായ വിഷ്ണു (30) എന്നിവരാണ് പിടിയിലായത്.

ഒന്നര കോടിയിലേറെ രൂപ വിലവരുന്ന ചന്ദനമരങ്ങളാണ് ഒരുമാസക്കാലയളവിൽ ഇവിടെ നിന്ന് മോഷണം പോയത്. ഓക്ടോബർ മാസം ഏതാണ്ട് എല്ലാ ദിവസവുമെന്നപോലെ ചന്ദനമോഷണം സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നാച്ചിവയൽ ചന്ദന റിസർവിലെ അംമ്പലപ്പാറഭാഗത്ത് നിന്ന് ശേഖരിച്ച ചന്ദനമരത്തിന്റെ കുറ്റി കടത്തികൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ വനപാലകർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് പതിനൊന്ന് കിലോഗ്രാം ചന്ദനത്തടി, മുറിക്കാൻ ഉപയോഗിച്ച വെട്ടുകത്തി, കമ്പിപ്പാര എന്നിവയും 40000 രൂപയും അന്വേഷണ സംഘം കണ്ടെടുത്തു. വർഷങ്ങളായി ചന്ദനസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാലും ആദിവാസികൾ ആയതിനാലും പെട്ടന്ന് സംശയിക്കപ്പെടില്ല എന്നതും വനപാലകരുടെ നീക്കങ്ങളും പട്രോളിങ്ങും കൃത്യമായി അറിയുവാൻ കഴിയുന്നതും പ്രതികൾക്ക് തുണയായി. 630 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് പിടിക്കപ്പെട്ട വാച്ചർമാർ ജോലി ചെയ്തുന്നത്.

അന്വേഷണസംഘം

മറയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജോബ് നെരിയാംപറമ്പിൽ, ഡെപ്യുട്ടി റെയിഞ്ച് ഓഫീസർ പി.എസ്. സജീവ് , എസ്.എഫ്.ഒ മാരായ സജിമോൻ ടി, വി.കെ ഷൈൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജോസഫ് വർഗീസ്, പി.ആർ. സുധീഷ് , ബി. ശിവപ്രസാദ്, റിൻസ് ആന്റണി, ട്രൈബൽ വാച്ചർമാരായ തങ്കമുത്തു, സി.രാജപ്പൻ, സെൽവരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഒരുമാസം 25 മോഷണങ്ങൾ

സമീപകാല ചരിത്രത്തിൽ മറയൂരിൽ ഏറ്റവും അധികം ചന്ദനമരങ്ങൾ മോഷണം പോയ കാലമെന്ന ദുഷ്പേര് ഒക്ടോബർ സ്വന്തമാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നുമാത്രം 25 ചന്ദന മരങ്ങളാണ് കഴിഞ്ഞമാസം മോഷണം പോയത്. പഴുതടച്ച് സംരക്ഷിക്കുന്ന വനമേഖലയിൽ നിന്നുപോയ മരത്തിന്റെ കണക്ക് ഇതിൽപ്പെടില്ല.