ഇടുക്കി: മതനിന്ദ ആരോപിച്ച് മരണശിക്ഷ വിധിക്കപ്പെട്ട് എട്ടുവർഷമായി ലാഹോറിലെ ജയിലിൽ കഴിയുന്ന ക്രൈസ്തവ വീട്ടമ്മയെ കുറ്റവിമുക്തയാക്കിയ പാക്കിസ്ഥാൻ സുപ്രീംകോടതിവിധി സ്വാഗതാർഹമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ളോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ആസിയ ബീബിയുടെ മോചനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിലപാട് അവിടുത്തെ ക്രൈസ്തവ സമൂഹത്തിന് പ്രത്യാശ നൽകുന്നതാണ്. പല രാജ്യങ്ങളിലും ക്രൈസ്തവർ മതവിശ്വസത്തിന്റെ പേരിൽ വിചാരണപോലുമില്ലാതെ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരുടെ കാര്യത്തിലും അതത് രാജ്യങ്ങളിലെ നീതിപീഠങ്ങൾ പാക്കിസ്ഥാന് സമാനമായ സമീപനം സ്വീകരിക്കണമെന്നും ബിജു പ്രസ്താവനയിൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ അടിയന്തിര കേന്ദ്രസമിതി 6ന് രാവിലെ 10 മുതൽ വൈകിട്ട് 6വരെ പാലാരിവട്ടം പി.ഒ.സി. യിൽ ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഡയറക്ടർ ഫാ.ജിയോ കടവി, ജനറൽ സെക്രട്ടറി അഡ്വ. ടോണി പൂഞ്ചക്കുന്നേൽ എന്നിവർ പങ്കെടുക്കും.