ചെറുതോണി:പ്രളയ ദുരിതങ്ങളിൽ നിന്നും കരകയറുവാൻ വിവിധങ്ങളായ പദ്ധതികളുമായി കഞ്ഞികുഴി പഞ്ചായത്ത് രംഗത്ത്. പരിമിതിയിൽ നിന്നും പരമാവധിയിലേക്ക് എന്ന മുദ്രാവാക്യവുമായി അതിജീവനം 2018 നാണ് കഞ്ഞിക്കുഴിയിൽ ഇന്ന് തുടക്കമായത്. ഒൻപത് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികളാണ് കഞ്ഞി കഴിയുടെ ഉയർത്തെഴുന്നേൽപ്പിനായി പഞ്ചായത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പുനർജനി, ക്ഷീര സമൃദ്ധി, ശുദ്ധം നിർമലം കഞ്ഞികുഴി, നിർഭയ, കുതിപ്പ്, പൈതൃകം
അതിജീവനം,അമൃതം ഗമയ തുടങ്ങിയ പേരുകളിലായാണ് ഓരോ ദിവസവും സെമിനാറുകൾ നടത്തുന്നത്.
കഞ്ഞികുഴി അപ്പൂസ് ഹാളിൽ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിർവ്വഹിച്ചു. 2019 - 20 വാർഷിക പദ്ധതി രൂപികരണത്തിനായി വ്യത്യസ്ഥ മേഖലകളുമായി ബന്ധപ്പെട്ട് പ്രത്യേക സെമിനാറുകളും ചർച്ചകളും അതിജീവന പരിപാടികളൊടൊപ്പം സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷിബാ ജയൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യുനിസെഫ് ദുരന്ത നിവാരണ സമിതി അംഗം എസ്. അശോക് കുമാർ കാർഷിക മേഖലയുടെ വീണ്ടെടുപ്പ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ക്ഷീര വികസനം പുതിയ പാഠങ്ങൾ എന്ന വിഷയത്തിൽ ഇന്ന് സെമിനാർ നടക്കും. വൈസ് പ്രസിഡന്റ് സജീവൻ തേനിക്കാക്കുടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഊരക്കാട്ട് സെക്രട്ടറി വിനോദ് കുമാർ ,എച്ച്.സി കെ.യു ജോഷി, പഞ്ചായത്ത് അംഗങ്ങളായ സജി ജോസ്, രാജി ചാന്ദൻ, പുഷ്പ ഗോപി, ടിൻസി തോമസ്, റാണി ഷാജി, സിത്താര ജയൻ, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.