തൊടുപുഴ ∙ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലാനിക്കൽ സെന്റ് ജോർജ് സ്കൂളിൽ തുടക്കമായി. സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, യുപി സ്കൂൾ, സഹകരണ ബാങ്ക് ഹാൾ, പാരിഷ് ഹാൾ എന്നിവിടങ്ങളിലായി സജീകരിച്ച 7 വേദികളാലിലാണ് മത്സരങ്ങൾ നടക്കുന്നത്. പ്രധാന വേദിയായ പാരീഷ് ഹാളിലാണ് നൃത്ത ഇനങ്ങൾ നടക്കുന്നത് . മത്സരങ്ങളുടെ ഉദ്ഘാടനം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.മാത്യു തേക്കുംകാട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ ഷീല ദീപു, എ.കെ.സുഭാഷ്കുമാർ, ബീവി സലിം, ബീന വിനോദ്, എഇഒ കെ.കെ.വിനോദ്കുമാർ, സ്കൂൾ പ്രിൻസിപ്പൽ ബിജോയ് മാത്യു എന്നിവർ പ്രസംഗിച്ചു. 128 വിഭാഗങ്ങളിലായി 1200 ഓളം കുട്ടികളാണ് രണ്ട് ദിവസമായി നടത്തുന്ന മത്സരത്തി‍ൽ പങ്കെടുക്കുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കു മാത്രമാണ് ഈ വർഷം മത്സരമുള്ളത്. മത്സരം ഇന്ന് വൈകിട്ട് സമാപിക്കും.