മുട്ടം : എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥിയെ കൈയ്യേറ്റം ചെയ്തതായി പരാതി. ഇന്നലെ ഉച്ചക്ക് ഇടവേള സമയത്ത് കോളേജ് ക്യാമ്പസിന്റെ തിണ്ണയിൽ ഇരുന്ന രണ്ടാം വർഷ വിദ്യാർത്ഥികളോട് മൂന്നാം വർഷ വിദ്യാർത്ഥികൾ അസഭ്യം പറഞ്ഞു എന്നും ഇത് ചോദ്യം ചെയ്ത രണ്ടാം വർഷ ഇലക്ട്രിക്ക് വിദ്യാർത്ഥിയായ അൻസാഫിനെ മൂന്നാം വർഷ ഇലക്ട്രിക്ക് വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തു എന്നാണ് പറയുന്നത്‌ . എന്നാൽ ഇത്തരത്തിൽ ഒരു ഒരു സംഭവം ഉണ്ടായില്ല എന്ന്‌ മൂന്നാം വർഷ വിദ്യാർത്ഥികളും പറയുന്നു .സംഭവം സംബന്ധിച്ച് അൻസാഫ് പ്രിൻസിപ്പലിന് പരാതി നൽകുകയും ഇതേ തുടർന്ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കോളേജിൽ സ്റ്റാഫ്‌ മീറ്റിംഗ് ചേരുകയും വിദ്യാർത്ഥി നൽകിയ പരാതി അന്വേഷിക്കാൻ കോളേജ് തലത്തിൽ സമിതി രൂപീകരിക്കുകയും വിദ്യാർത്ഥി നൽകിയ പരാതി മുട്ടം പൊലീസിന് കൈമാറുകയും ചെയ്തു. എന്നാൽ കോളേജ് സമിതിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും പൊലീസ് അന്വേഷണം നടത്തുകയുള്ളു എന്ന് കോളേജ് അധികൃതർ പറഞ്ഞു .