രാജാക്കാട്:നെടുങ്കണ്ടത്ത് അടുത്തയിടെ പ്രവർത്തനമാരംഭിച്ച ഉടുമ്പൻചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ആവശ്യത്തിനു ഫർണിച്ചറുകളില്ലാത്തതിനാൽ പ്രവർത്തനം പരിമിതികൾക്ക് നടുവിൽ. മുൻപ് കട്ടപ്പനയിലായിരുന്ന ഓഫീസ് ജൂലൈയിലാണ് നെടുങ്കണ്ടത്തേയ്ക്ക് മാറ്റിയത്.എന്നാൽ പഴയ ഓഫീസിലെ ഫർണിച്ചറുകൾ ഇവിടെയ്ക്ക് മാറ്റുന്നതിന് നടപടിയുണ്ടായിട്ടില്ല.
ഇടുക്കി താലൂക്ക് രൂപീകരിച്ചതോടെ കട്ടപ്പന പുതിയ താലൂക്കിലാവുകയും ഉടുമ്പൻചോല താലൂക്കിലെ ഓഫീസ് ജൂലൈ ഏഴിന് നാട്ടുകാരുടെ ആവശ്യപ്രകാരം നെടുങ്കണ്ടത്തേയ്ക്ക് മാറ്റുകയും ചെയ്തു. മുൻപ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണു ഇതിനായി സൗകര്യമൊരുക്കിയത്.കട്ടപ്പനയിൽ വാടക കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്.കട്ടപ്പനയിൽ നിന്നും ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും നെടുങ്കണ്ടത്തേയ്ക്ക് മാറ്റുവാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ജന പ്രതിനിധികളുടെ നേതൃത്വത്തിൽ തടയുകയും കെട്ടിടം താഴിട്ട് പൂട്ടുകയും ചെയ്തു.
സൗകര്യമുണ്ട് ഫർണിച്ചറുകളില്ല
നിലവിൽ വിശാലമായ സ്ഥല സൗകര്യം നെടുങ്കണ്ടത്ത് ഉണ്ടെങ്കിലും ഫർണിച്ചറുകളുടെ അഭാവം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പഞ്ചായത്ത് വിട്ടുകൊടുത്ത ഏതാനും ഫർണിച്ചറുകളാണ് ആകെയുള്ളത്. ഫയലുകൾ സൂക്ഷിയ്ക്കുന്നതിനും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുമുള്ള സൗകര്യം ഇല്ല.
ഓഫീസ് മാറിയിട്ടും വാടക കൊടുക്കുന്നു
എന്നാൽ ഓഫീസ് മാറിയിട്ടും നാല് മാസമായി വകുപ്പ് കട്ടപ്പനയിലെ കെട്ടിടത്തിന് വാടക കൊടുക്കേണ്ട അവസ്ഥയാണുള്ളത്. മാസം 15,000 ലധികം രൂപയാണ് വാടക. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് നെടുങ്കണ്ടം ഓഫീസിലേയ്ക്ക് ആവശ്യമായ ഫർണിച്ചറുകൾ എത്തിയ്ക്കുവാൻ നടപടി സ്വീകരിയ്ക്കണമെന്നാണ് ആവശ്യം.ഇടുക്കി താലൂക്കിനായി പുതിയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സർക്കാർ പരിഗണനയിലാണ്.