ചെറുതോണി: ദുരിത ബാധിതർക്ക് വിതരണം ചെയ്യുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന ഭക്ഷണ സാമഗ്രികൾ അടങ്ങിയ കിറ്റുകൾ ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ കടത്തുന്നതായി പരാതി. ഗൾഫ് രാജ്യങ്ങളിലെ സന്നദ്ധ സംഘടനകൾ സമാഹരിച്ച് ഇടുക്കി കളക്ടർക്ക് കൈമാറിയ ഉല്പന്നങ്ങളാണ് ഉദ്യോഗസ്ഥ നേതൃത്വം അടിച്ചു മാറ്റി കൊണ്ട് പോകുന്നത്. പഴയ ജില്ല ആശുപത്രി ആയി പ്രവർത്തിച്ച കെട്ടിടത്തിലാണ് രണ്ട് ലോഡ് സാധനങ്ങൾ ഇറക്കി സൂക്ഷിച്ചത്. രാത്രി കാലങ്ങളിൽ ഇവിടെ റവന്യൂ വകുപ്പിന്റെ വാഹനവുമായി എത്തുന്ന ഡെപ്യൂട്ടി തഹസിൽ ദാറും സംഘവും ഈ സാധനങ്ങൾ കടത്തികൊണ്ട് പോകുന്നതായി നാട്ടുകാർ ആരോപിച്ചു. കളക്ടർ ഡെപ്യൂട്ടി തഹസിൽദാറിനെയാണ് ഇതിന്റെ സൂക്ഷിപ്പുകാരനാക്കി ചുമതലപെടുത്തിയത്. എന്നാൽ ഇയാൾ സ്വഭാവ ദൂഷ്യത്തെ തുടർന്ന് പാലക്കാടിന് സ്ഥലം മാറി പോവുകയും പിന്നീട് ഭരണ സ്വാധീനമുപയോഗിച്ച് ഇടുക്കിയിലേക്ക് തിരികെ എത്തുകയായിരുന്നു.
കടത്തുന്നത് ഗുണമേൻമയുള്ള
വിദേശ ഉല്പന്നങ്ങൾ
ഗുണമേൻമയുള്ള വിദേശ ഉല്പന്നങ്ങളാണ് കടത്തികൊണ്ടു പോകുന്നവയിൽ ഏറെയും. കളക്ട്രേറ്റിൽ സ്ഥല പരിമിതി ഉണ്ടായതിനെ തുടർന്നാണ് ഈ സാധനങ്ങൾ പുറത്ത് സൂക്ഷിച്ചത്. എന്നാൽ ക്യാമ്പുകൾ പിരിച്ചു വിട്ടതിന്റെ മറവിലാണ് ഉദ്യോഗസ്ഥർ ഈ സാധനങ്ങൾ കൈവശപ്പെടുത്തുന്നത് എന്നാണ് വിവരം.