തൊടുപുഴ: കരിങ്കുന്നത്തിന് സമീപം നെല്ലാപ്പാറയില്‍ ടാറ്റാ സുമോ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 3.45ഓടെയായിരുന്നു അപകടം. സ്ഥിരം അപകട മേഖലയായ നെല്ലാപ്പാറ വലിയ വളവിലാണ് അപകടമുണ്ടായത്. മൂന്നാറിലേക്ക് യാത്രതിരിച്ച പത്തനംതിട്ടയില്‍ നിന്നുള്ള സംഘമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ അമിത വേഗവും റോഡ് മുന്‍പരിചയമില്ലാത്തതും അപകടത്തിന് കാരണമായി. അമിത വേഗത്തിലെത്തിയ വാഹനം റോഡിനരികിലെ പാറയില്‍ തട്ടി മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഡീസല്‍ ചോര്‍ന്നു. തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും അഗ്നിശമനസേനയത്തി റോഡ് വൃത്തിയാക്കിയത്. അപകടത്തില്‍ പരിക്കേറ്റവരെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.