pa
രാജാക്കാട്ടിലെ ഒരു പാഷൻഫ്രൂട്ട് തോട്ടത്തിൽ കൃഷി അസിസ്റ്റന്റ്മാരായ പി.കെരാജേഷ്, അരീഷ് പി.ചിറയ്ക്കൽ എന്നിവർ കർഷകനായ സദാശിവനൊപ്പം.

രാജാക്കാട്: കർഷകരിൽ പ്രതീക്ഷയുടെ മാധുര്യം നിറച്ച് ഹൈറേഞ്ചിൽ പാഷൻഫ്രൂട്ട് കൃഷി വ്യാപകമാകുന്നു.മികച്ച വിലയും,വിപണിയിൽ ആവശ്യക്കാർ ഏറുന്നതും, കൃഷി വ്യാപനത്തിന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും കൃഷിവകുപ്പും തയ്യാറായി വന്നതുമാണ് കർഷകരെ വൻതോതിൽ ഈ കൃഷിയിലേയ്ക്ക് ആകർഷിക്കുന്ന ഘടകങ്ങൾ. കാര്യമായ പരിപാലനം കൂടാതെ തീർത്തും ജൈവ രീതിയിൽ മികച്ച വിളവ് നൽകുന്ന പാഷൻഫ്രൂട്ടിനു മുൻപ് വിപണിയിൽ കര്യമായ ആവശ്യക്കാരുണ്ടായിരുന്നില്ല.കൃഷിയിടങ്ങളിൽ വിളയുന്നവയിൽ നല്ലൊരുപങ്കും കൊഴിഞ്ഞ് പാഴായിപ്പോകുകയായിരുന്നു പതിവ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിസ്സാര വിലയ്ക്ക് ലഭിക്കുന്ന പഴമെന്ന പേരും ഇതിനുണ്ടായിരുന്നു. പ്രമേഹം ഉൾപ്പെടെ നിരവധി ജീവിത ശൈലീ രോഗങ്ങളുടെ ചികിൽസയുടെ ഭാഗമായി ഉപയോഗിക്കാമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുവാൻ തുടങ്ങിയതോടെയാണ് പാഷൻഫ്രൂട്ടിന്റെ ഔഷധഗുണം ജനങ്ങൾ തിരിച്ചറിഞ്ഞതും കൂടുതലായി ഉപയോഗിക്കുവാൻ തുടങ്ങിയതും. ഇതോടെ വാണിജ്യ വിളയെന്ന നിലയ്ക്ക് ഇതിന് പ്രാധാന്യം കൈവന്നു.

 കിലോയ്ക്ക് വില 60 മുതൽ 80 വരെ

മുൻപ് നാട്ടിൻപുറങ്ങളിൽ വെറുതെ കിട്ടുമായിരുന്ന സ്ഥാനത്ത് ഇതോടെ കിലോഗ്രാമിനു പത്ത് രൂപ വിലയായി. വിനോദ സഞ്ചാര മേഖല കൂടുതൽ വികസിച്ചതോടെ ഇത് പടിപടിയായി ഉയരുവാൻ തുടങ്ങി. ഇപ്പോൾ പ്രാദേശിക വിപണികളിൽ കിലോഗ്രാമിന് 60 മുതൽ 80രൂപ വരെയുണ്ട്.

 സാധ്യതയേറിയ കൃഷി

കൊടുങ്കാറ്റിലും പിന്നീടുണ്ടായ പ്രളയത്തിലും കൃഷി നശിച്ച് സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർ കൂടുതൽ പണം മുടക്കി കൃഷിയിറക്കുവാൻ കഴിയാതെ നട്ടം തിരിയുന്നതിനിടെയാണ് അധികം മുതൽമുടക്ക് ആവശ്യമില്ലാത്ത പാഷൻഫ്രൂട്ട് കൃഷിയുടെ സാദ്ധ്യതകൾ മനസ്സിലാക്കുന്നത്. പരിപാലനച്ചെലവ് മറ്റ് വിളകളെ അപേക്ഷിച്ച് കുറവാണെന്നതും ഇവരെ ആകർഷിച്ച ഘടകമാണ്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും കൃഷിവകുപ്പും പഞ്ചായത്തുകളും തൈ ഉൽപ്പാദനം മുതൽ വിപണി വരെയുള്ള കാര്യങ്ങളിൽ സബ്സിഡികളും,മറ്റ് സഹായങ്ങളുമായി രംഗത്ത് വന്നതും ജൈവ രീതി അവലംബിക്കുന്നതിനാൽ രാസവളങ്ങൾക്കും കീടനാശിനികൾക്കുമുണ്ടാകുന്ന അടിക്കടിയുള്ള വിലവർദ്ധന കൃഷിയെ ബാധിക്കാത്തതും കർഷകർക്ക് കൂടുതൽ പ്രചോദനമായി.

 മൂല്യവർദ്ധിത ഉല്പന്നങ്ങൾ

ഒരേക്കർ സ്ഥലത്ത് നിന്നും ആഴ്ച്ചയിൽ 500 കിലോഗ്രാമോളം വിളവ് ലഭിക്കുന്ന നിരവധി തോട്ടങ്ങൾ രാജാക്കാട് പഞ്ചായത്തിൽ നിലവിലുണ്ട്. പാഷൻഫ്രൂട്ടിൽ നിന്നുള്ള ജാം സ്‌ക്വാഷ് തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ജില്ലയ്ക്ക് പുറത്തും വൻ ഡിമാന്റുള്ളതും ഈ കൃഷിയെ കൂടുതൽ ശോഭനമാക്കുന്നു.