mara

മറയൂർ: ഇന്നലെ വരെ കൊടുംചൂടും ഉഷ്ണകാലാവസ്ഥയുമായിരുന്ന ഇവിടെ ഇപ്പോൾ മഞ്ഞ് ഒഴുകിയിറങ്ങുന്ന കോടമഞ്ഞിന്റെ സാന്നിദ്ധ്യം സഞ്ചാരികളെ ആകർഷിക്കുന്നു. പതിവിന് വിപരീതമായി മറയൂർ കാന്തല്ലൂർ മേഖല ഉൾപ്പെട്ട അഞ്ചുനാട് പ്രദേശത്തെ കുളിർപ്പിക്കാൻ ചാറ്റൽ മഴയ്ക്ക് പിന്നാലെ മഞ്ഞ് എത്തി. രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും ഉച്ചയോടുകൂടി മേഘം ഇരുണ്ട് ചാറ്റൽ മഴ ആരംഭിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നുമുള്ള സഞ്ചാരികളിൽ അധികവും റോഡ് മാർഗം മൂന്നാറിലേക്ക് പോകുന്നത് മറയൂർ വഴിയാണ്. കൂടാതെ മൂന്നാറിലെ തിരക്കിൽ നിന്ന് ഒഴിഞ്ഞും മൂന്നാറിനെ അപേക്ഷിച്ച് വളരെ തുശ്ചമായ നിരക്കിൽ മുറികളും കോട്ടേജുകളും ലഭിക്കുമെന്നതിനാൽ കഴിഞ്ഞ സീസണിൽ മറയൂരിൽ സന്ദർശകരുടെ ഒഴുക്കായിരുന്നു. ചന്നം പിന്നം ചെയ്ത മഴയ്ക്ക് പിന്നാലെ തന്നെ കോടമഞ്ഞ് ഇറങ്ങിയതുമൂലം വാഹനഗതാഗതം ദുഷ്‌കരമായതിനാൽ പകൽ സമയങ്ങളിലും ലൈറ്റ് തെളിയിച്ച് പോകുന്ന വാഹനങ്ങൾ സന്ദർശകർക്ക് കാഴ്ചയായി മാറി.

സന്ദർശകരെ മാടിവിളിക്കുന്നു

മറയൂർ മലനിരകളിലെ കാന്തല്ലൂർ കുളച്ചിവയലിൽ പൂത്ത് നിൽക്കുന്ന നീലകൂറിഞ്ഞി പൂക്കളും, സ്വാഭാവിക ചന്ദനക്കാടുകളും വളരെ അടുത്ത് എപ്പോഴും കാണാൻ സാധിക്കുന്ന മാൻ, കാട്ട്‌പോത്ത് കൂടാതെ മറയൂരിലെ ചരിത്രം ഉറങ്ങുന്ന മുനിയറകൾ, തൂവാനം വെള്ളച്ചാട്ടം, ലക്കം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ തട്ട് തട്ടായുള്ള പഴം പച്ചക്കറി തോട്ടങ്ങൾ, ശർക്കര നിർമ്മാണ യൂണീറ്റുകൾ, ചിന്നാറിലെ വിവിധ തരത്തിലുള്ള ട്രക്കിങ്ങ് പരിപാടികൾ, വനത്തിനുള്ളിലെ രാത്രികാല താമസം, തേയില തോട്ടങ്ങളിലൂടെയുള്ള യാത്ര ഇവയെല്ലാം മറയൂർ സന്ദർശകരെ മാടിവിളിക്കുന്നു.