തൊടുപുഴ: കുട്ടികളുടെ വിശ്രമത്തിനും കേസ് വിസ്താര ഇടവേളകളിൽ മാനസിക ശാരീരിക ഉണർവിനും ഉന്മേഷത്തിനും വേണ്ടി സജ്ജമാക്കിയ ബാല സൗഹൃദ സാക്ഷി കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് മുട്ടം കോടതി സമുച്ചയത്തിൽ നടക്കും. പോക്‌സോ കോടതി ജഡ്ജി പി സി പോളച്ചന്റെയും മറ്റ് ന്യായാധിപരുടെയും സാന്നിദ്ധ്യത്തിൽ ഹൈക്കോടതി ജഡ്ജി ദാമ ശേഷാദ്രി നായിഡു ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് വസീം അധ്യക്ഷത വഹിക്കും. ജില്ലയിലെ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ വിചാരണ ചെയ്യുന്ന മുട്ടം കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പോക്‌സോ കോടതിയോട് അനുബന്ധിച്ചാണ് ബാല സൗഹൃദ കേന്ദ്രവും തുറക്കുന്നത്. കേരളത്തിൽ രണ്ടാമതായി ഒരുക്കിയ ബാലസൗഹൃദ സാക്ഷി കേന്ദ്രമാണ് മുട്ടത്ത് ഉദ്ഘാടനം ചെയ്യുന്നത്. മുറ്റത്തുള്ളത് കൂടാതെ എറണാകുളം പോക്‌സോ കോടതിയിലാണ് ഇപ്രകാരം സൗകര്യമുള്ളത്.


 രൂപകല്പനയും സൗകര്യങ്ങളും


കോടതിയിൽ സാക്ഷി പറയാനുള്ള ഇടവേളകളിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കുന്ന രീതിയിലാണ് മുട്ടത്തെ സാക്ഷികേന്ദ്രത്തിന്റെ രൂപകൽപന. കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ചിത്രരചന നടത്താനുള്ള ചായങ്ങളും വർണ പെൻസിലുകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്കും കേസിൽ പ്രതികളല്ലെങ്കിൽ അവരുടെ മാതാപിതാക്കൾക്കും മാത്രമാണ് സാക്ഷി കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുക. കോടതിയിൽ സാക്ഷി പറയാനെത്തുന്ന കുട്ടികൾ പ്രതികളെ നേരിൽ കാണാൻ ഇടവന്ന് ഭയപ്പെടുന്നതായി നേരത്തെ മുതൽ പരാതിയുണ്ട്. ഈ സാഹചര്യങ്ങളിൽ കുട്ടികളെ സ്വാധീനിക്കാനും പ്രതിഭാഗം ശ്രമിക്കാറുണ്ട്. ഇതിനുള്ള പരിഹാരമായാണ് മുട്ടം പോക്‌സോ കോടതിയോട് അനുബന്ധിച്ച് ബാല സൗഹൃദ സാക്ഷികേന്ദ്രം ഒരുക്കിയത്.

 കുട്ടികൾ പ്രതിയെ കാണണ്ട

പോക്‌സോ നിയമപ്രകാരം കുട്ടികൾ പ്രതിയെ കാണാൻ പാടില്ല. പ്രതിയെ കണ്ടുകൊണ്ട് കുട്ടികൾക്ക് സാക്ഷി പറയാൻ പറ്റാത്തതുകൊണ്ടാണ് നിയമത്തിൽ അങ്ങനെ പറഞ്ഞിട്ടുള്ളത്. സാധാരണ കുട്ടികൾ സാക്ഷി പറയാൻ വരമ്പോൾതന്നെ പ്രതികൾ അവിടെ കാണും. സൗഹൃദ സാക്ഷികേന്ദ്രം വന്നതുകൊണ്ട് ഇനി മുതൽ കുട്ടികൾക്ക് നേരത്തെ വന്ന് മുറികളിൽ വിശ്രമിച്ച് കോടതിയിൽ എത്തുന്നതിനിടയിൽ പ്രതികളെ കാണാനുള്ള സാധ്യത ഇല്ലാതാവുകയാണ്. വിസ്താരത്തിന്റെ അവസാന സ്‌റ്റേജിലാണ് പ്രതിയെ കാണിച്ച് തിരിച്ചറിയിക്കുന്നത്. അപ്പോൾ കുട്ടികൾക്കു വളരെ ശാന്തമായും സ്വസ്ഥമായും സാക്ഷിക്കൂട്ടിൽ കയറി മൊഴി നൽകാൻ സാധിക്കും. ഇതാണ് സൗഹൃദ സാക്ഷികേന്ദ്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉത്ഘാടന യോഗത്തിൽ ബാർ അസോസിയേഷൻ പ്രധിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.