കുളമാവ്:ഓട്ടോറിക്ഷയിൽ നിന്നുവീണ് ആദിവാസി യുവാവിനു പരുക്ക്. കോഴിപ്പള്ളി പൊട്ടൻപ്ലാക്കൽ തേനന്റെ മകൻ ഹരീഷ് (30) ആണ് ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്: ഇങ്ങനെ 17 രാത്രി എട്ടുമണിയോടെ ഓട്ടോറിക്ഷയിൽ മുത്തിയുരണ്ടയിൽ നിന്നു കുളമാവിനു പോയ ഹരീഷ് കുളമാവിനു സമീപം ആൾസഞ്ചാരമില്ലാത്ത കോൺക്രീറ്റ് റോഡിൽ വീഴുകയായിരുന്നു. ഇയാളെ ഇവിടെ ഓട്ടോറിക്ഷയിൽ ഇറക്കിവിട്ടശേഷം മുന്നോട്ടെടുത്ത ഓട്ടോറിക്ഷ തട്ടിയാണ് ഇയാൾക്കു പരുക്കേറ്റതെന്നാണ് സൂചന. രക്തത്തിൽ കുളിച്ചു ബോധമറ്റുകിടന്ന ഹരീഷിനെ രാത്രി 11.30 ഓടെയാണ് നാട്ടുകാർ കാണുന്നത്. ഹരീഷിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിലും അടുത്ത ദിവസം കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഹരീഷ് ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.