തൊടുപുഴ:നഗരം വികസന വിഹായസിലേക്ക് കുതിക്കുമ്പോഴും യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ കയറിനിൽക്കാൻ വെയിറ്റിംഗ് ഷെഡില്ലാത്ത ജംഗ്ഷനാണ് കോലാനി. വെങ്ങല്ലൂരിന് പിന്നാലെ അതിവേഗം വളരുന്ന നാല് റോഡുകളുടെ സംഗമ കേന്ദ്രവുമാണ്. ഇവിടെ ഉണ്ടായിരുന്ന ചെറിയ വെയിറ്റിംഗ് ഷെഡ് ജംഗ്ഷൻ വിപുലികരണ പദ്ധതിയുടെ ഭാഗമായി പൊളിച്ചു മാറ്റിരുന്നു. വീതികൂട്ടി റോഡുകൾ മുഖം മിനുക്കിയെങ്കിലും ഇരിപ്പിട സൗകര്യത്തോടെ വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചില്ല. വെങ്ങലൂർ- കോലാനി ബൈപ്പാസും തൊടുപുഴ- കോട്ടയം ,തൊടുപുഴ - വൈക്കം, കൂത്താട്ടുകുളം പാതകളും ചേരുന്ന പ്രദേശമാണ്.,പുറപ്പുഴ,വഴിത്തല തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രക്കാരും ഇവിടെ ബസ് കാത്ത് നിൽക്കുന്നുണ്ട്. ബസുകൾ പല സ്ഥലത്തും നിർത്തു മ്പോൾ യാത്രക്കാർ പെരുവഴിയിൽ നിന്നും ഓടേണ്ട സ്ഥിതിയാണ്. കടവരാന്തകളിലാണ് പലപ്പോഴും കയറിനിൽക്കുന്നത്. നഗരത്തിൽ പലയിടത്തും ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടും നിരവധി പ്രദേശങ്ങളിലേക്ക് പോകുന്ന കവലയിൽ യാത്രക്കാർക്ക് പ്രാഥമിക സൗകര്യമൊരുക്കാൻ കഴിഞ്ഞിട്ടില്ല .നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കി ഹൈറേഞ്ചിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ബൈപ്പാസ് വഴി വെങ്ങല്ലൂരിലെത്തി ഊന്നുകൽ പാതയിൽ കൂടി പോകാം. കോട്ടയത്തു നിന്നും വരുന്ന വാഹനങ്ങൾക്കും ടൗണിൽ പ്രവേശിക്കാതെ പോകാനാകും. തിരക്കേറിയറി ജംഗ്ഷനായി മാറുന്ന ഇവിടെ വെയിറ്റിംഗ് ഷെഡ് നിർമ്മിച്ച് യാത്രക്കാർക്ക് സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യം ശക്തമാവുകയാണ്.
ട്രാഫിക് ഐലന്റും സ്ഥാപിച്ചിട്ടുണ്ട്.
മോടികൂട്ടി ജംഗ്ഷൻ വികസന പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് ട്രാഫിക് ഐലന്റും നിർമ്മിച്ചിട്ടുണ്ട്. കോട്ടയം ഭാഗത്തുനിന്നും വരുന്ന ബസുകൾ ഐലന്റിന്റെ ഭാഗത്ത് നിർത്തുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.. വെങ്ങലൂർ മേഖലയിൽ നിന്നും, കൂത്താട്ടുകുളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളുമാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. പാലായിൽ നിന്നും വരുന്ന വാഹനങ്ങൾ ഇവിടെ ഇറക്കം ഇറങ്ങിവരുമ്പോൾ അപകടത്തിനിടയാകുന്നുണ്ട്.
മൂന്ന് വെയിറ്റിംഗ് ഷെഡ് വേണം
കോലാനി കവലയിൽ മഴനനയാതെ കയറി നിൽക്കാൻ മൂന്ന് വെയിറ്റിംഗ് ഷെഡുകൾ ആവശ്യമാണ്. പാലാ, കൂത്താട്ടുകുളം, തൊടുപുഴ റോഡുകളോട് ചേർന്ന് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണം. കെ.എസ്.ടി.പി റോഡ് നിർമ്മിച്ചപ്പോൾ പൊളിച്ചു മാറ്റിയ വെയിറ്റിംഗ് ഷെഡിന് പകരം പുതിയത് നിർമ്മിച്ചു നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും വാഗ്ദാനം പാലിച്ചിട്ടില്ല.എത്രയും വേഗം ഇത് നിർമ്മിച്ച് യാത്രക്കാരുടെ ദുരിതം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് - മുനിസിപ്പൽ അധികൃതരോട് കോലാനി സൗത്ത് റെസിഡന്റെ് അസോസിയേഷൻ പ്രസിഡന്റ് എ.എൻ.ചന്ദ്രബാബു ആവശ്യപ്പെട്ടു.
ആധുനിക വെയിറ്റിംഗ് ഷെഡ് ആലോചനയിൽ
കോലാനിയിൽ ഹെടെക് വെയിറ്റിംഗ് ഷെഡ് ആലോചനയിലാണ്. ജോയിസ് ജോർജ്ജ് എം.പി യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഇരിപ്പിട സൗകര്യത്തോടെ ആധുനിക വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ ആലോചിച്ചിരുന്നെങ്കിലും സ്ഥല സൗകര്യങ്ങളുടെ കുറവ് മൂലമാണ് വൈകുന്നത്.