മൂന്നാർ: ചൈൽഡ് ലൈനും യൂണിസെഫുമായി ചേർന്ന് അടിമാലി സർക്കാർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നീല കുറിഞ്ഞിക്കൂട്ടം ചൈൽഡ് ലൈൻ നയൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂൾ കുട്ടികൾക്കായാണ് മൽസരം സംഘടിപ്പിച്ചത്. അടിമാലി, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ നിന്നായി എഴ് സ്‌കൂൾ ടീമുകൾ പങ്കെടുത്തു.ടൂർണമെന്റ് അടിമാലി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഏലിയാസ് കിക്കോഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. അടിമാലി അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ ഷൈനി ഹബീബ് അധ്യക്ഷത വഹിച്ചു. ജില്ലയിൽ നിന്നുള്ള പ്രമുഖ കായിക താരങ്ങളായ രാജകുമാരൻ, അലീന എന്നിവരെ അടിമാലി പൊലിസ് സബ് ഇൻസ്‌പെക്ടർ സന്തോഷ് ആദരിച്ചു. ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ ജയശീലൻ പോൾ, കായികാദ്ധ്യാപകൻ കെ.ഐ സുരേന്ദ്രൻ, ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ഷിന്റോ വെളിയപറമ്പിൽ, ചൈൽഡ് ലൈൻ വാളന്റിയർ ഷാനവാസ് കെ.എസ്, ആൻസി ആന്റണി എന്നിവർ സംസാരിച്ചു. വിജയികൾക്ക് അടിമാലി സർക്കാർ ഹൈസ്‌കൂൾ പിടിഎ പ്രസിഡന്റ് അശോകൻ സമ്മാനദാനം നിർവഹിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നുള്ള കായികാദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആരോഗ്യവകുപ്പ് ജീവനക്കാരും പങ്കെടുത്തു.