കട്ടപ്പന: പുളിയൻമല അന്യാർതൊളുവിനു സമീപം കുളത്തുംമേട്ടിൽ പുലിയുടെ സാമിപ്യം നാട്ടുകാരെ ആശങ്കയിലാക്കുന്നു.

പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. അടുത്തിടെ രണ്ട് കാട്ടുപന്നികൾ അജ്ഞാതജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിനെ നാട്ടുകാർ പിന്നീട് കുഴിച്ചുമൂടുകയും ചെയ്തു. എന്നാൽ അടുത്തദിവസം രാത്രിയിൽ കുഴി തുറന്ന് പന്നിയുടെ ജഡം പുറത്തെടുത്ത് ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതോടെ പരിഭ്രാന്തിയിലായ നാട്ടുകാർ വിവരം പരാതിയുമായി വനംവകുപ്പിനെ സമീപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാൽപാടുകൾ പരിശോധിച്ചശേഷം പന്നിയെ വേട്ടയാടിയത് കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് പറഞ്ഞു. എന്നാൽ കാട്ടുപൂച്ച പന്നിയെ ആക്രമിച്ച് കൊലപ്പെടുത്താൻ സാധ്യതയില്ലെന്നാണ് നാട്ടുകാരുടെ വിശ്വാസം. തമിഴ്നാട് വനമേഖലയുമായി ചേർന്നുകിടക്കുന്ന തോട്ടങ്ങളിലും കൃഷിയിടങ്ങളിലും പുലി ഉൾപ്പെടെയുള്ള വന്യജീവികളുടെ സാമിപ്യം സർവസാധാരണമായിട്ടുണ്ട്. ഇവിടങ്ങളിൽ പണിക്കുപോകുന്ന പലരും പുലിയോടു സാമ്യമുള്ള മൃഗത്തെ പലതവണ കണ്ടെന്നാണ് പറയുന്നത്. പുലിപ്പേടി നിലനിൽക്കുന്നതിനാൽ കാവലിന് ആളുകളെ നിയോഗിച്ച ശേഷമാണ് തോട്ടങ്ങളിൽ തൊഴിലാളികളെ പണിക്കിറക്കുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.