മറയൂർ: തമിഴ് സംസ്കാരത്തിന് ആഴത്തിൽ വേരോട്ടമുള്ള അതിർത്തി ഗ്രാമങ്ങൾ ദീപാവലി ആഘോഷത്തിമിർപ്പിലായി. മൂന്നാർ, മറയൂർ , കാന്തല്ലൂർ, അഞ്ചുനാട് ഗ്രാമങ്ങൾ അക്ഷരാർത്ഥത്തിൽ ഉത്സവലഹരിയിലാണ്. കേരളത്തിലെ പ്രളയക്കെടുതികളുടെ നൊമ്പരങ്ങളൊന്നും ഇവിടുത്തെ ദീപാവലി ആഘോഷത്തെ ബാധിച്ചിട്ടില്ല. വിവിധയിനം മധുരപലഹാര വിഭവങ്ങളുമായി ബേക്കറികളും വൈവിദ്യങ്ങളുടെ നിറക്കൂട്ടൊരുക്കി പടക്കക്കടകളും എങ്ങും സജീവമാണ്. തമിഴ്‌നാട്ടിൽ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം ഒരാഴ്ചത്തെ അവധി നല്കിയതോടെ മൂന്നാറിലേക്കുള്ള ബസുകൾ യാത്രക്കാരെ കുത്തിനിറച്ചാണ് എത്തുന്നത്. കേരളത്തിൽ ഓണത്തിനെന്നപോലെ തമിഴ്നാട്ടിൽ ജീവനക്കാർക്ക് വാർഷിക ബോണസ് ലഭിക്കുന്നത് ദീപവലിക്കാണ്. ബന്ധുമിത്രാദികളുടെ കൂടിച്ചേരലും പടക്കം പൊട്ടിക്കലും മധുരപലഹാര വിതരണവും ദീപാവലിയുടെ മുഖ്യ ചടങ്ങുകളാണ്. പുതുവസ്ത്രങ്ങൾ, പാത്രങ്ങൾ, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങുന്നതും ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. നവദമ്പതികൾക്ക് 'തലൈദീപാവലി' മുഖ്യമാണ്.

ബേക്കറികളിൽ വിവിധതരം മധുര പലഹാരകിറ്റുകൾക്കാണ് വിൽപ്പന കൂടുതൽ. കഴിഞ്ഞ വർഷത്തതിനേക്കാളും വില അൽപ്പം കുടുതലാണെങ്കിലും ആഘോഷതിമിർപ്പിൽ അതൊന്നുമൊരു പ്രശ്നമാകുന്നില്ല. മധുരപരലാഹാര വിഭവങ്ങളുടെ എണ്ണമാണ് ആഘോഷത്തിന്റെ മാറ്റ് നിശ്ചയിക്കുന്നതെന്നതിനാൽ കിറ്റുകളാക്കിയുള്ള കച്ചവടം വ്യാപാരികൾക്കും ചാകരക്കൊയ്ത്താണ്. കിലോഗ്രാമിന് 300 മുതൽ 1500 രൂപ വിലയുള്ള കിറ്റുകൾ വിപണിയിലുണ്ട്.

മധുരക്കിറ്റ്

ജിലേബി, ലഡു, മൈസൂർപാവ്, ബാധുഷ, പാൽസ്വീറ്റ്, കൈമുറുക്ക്, മിക്‌സ്ചർ എന്നിവയുൾപ്പെടുന്ന ഒരുകിലോഗ്രം കിറ്റിന് 300 രൂപയാണ്. 1500 രൂപക്ക് 25 തരം പലഹാരങ്ങളടങ്ങുന്ന ദീപാവലി സ്പെഷ്യൽ സ്വീറ്റ്‌സ് ബോക്‌സുകളും ലഭിക്കും.

തമിഴ്നാട്ടിൽ പടക്കത്തിന് നിയന്ത്രണം
സുപ്രീംകോടതി നിർദ്ദേശപ്രകാരം തമിഴ്‌നാട് സർക്കാർ ദീപാവലി ആഘോഷങ്ങളിലെ പടക്കംപൊട്ടിക്കലിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ ഏഴുവരെയും രാത്രി ഏഴുമുതൽ എട്ടുവരെയും മാത്രമാണ് പടക്കം പൊട്ടിക്കുന്നതിന് അനുമതിയുള്ളത്. പൊതുസ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നവർ തദ്ദേശസ്വയംഭരണവകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമായി വാങ്ങിയിരിക്കണം. ആശുപത്രികൾ ആരാധാനാലയങ്ങൾ, കുടിലുകൾ വ്യവസായസ്ഥാപനങ്ങൾ എന്നിവയുടെ പരിധിയിൽ ശബ്ദം കുടിയപടക്കങ്ങൾ പൊട്ടിക്കരുതെന്നും നിർദ്ദേശമുണ്ട്. ദീപാവലിയോട് അനുബന്ധിച്ചുള്ള ഏഴുദിവസം പടക്കങ്ങൾ ഉപയോഗിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന മേൽനോട്ടത്തിലായിരിക്കും. അന്തരീക്ഷമലിനീകരണവും ശബ്ദമലിനീകരണവും നിയന്ത്രിക്കും. ഓൺലൈൻ വഴിയുള്ള പടക്കവ്യാപാരം അനുവദിക്കില്ല. ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ പടക്കം വാങ്ങാവു എന്നും സർക്കാർ നിർദ്ദേശമുണ്ട്.

തലൈ ദീപാവലി

നവദമ്പതികളുടെ ആദ്യ ദീപാവലിയാണ് തലൈദീപാവലി. വധു-വരന്മാരെ വധുവിന്റെ വീട്ടിലേക്ക് ക്ഷണിച്ച് കൊണ്ടുവന്ന് സ്വർണവും പുതുവസ്ത്രങ്ങളും മധുരവും നല്കുന്നത് നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാരമാണ്.