തൊടുപുഴ: അയ്യൻകാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്രയുടെ 125 ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കെ.പി.എം.എസ് (പുന്നല ശ്രീകുമാർ വിഭാഗം) സംഘടിപ്പിക്കുന്ന 'സ്മൃതിപഥം' പരിപാടി ഇന്ന് തൊടുപുഴയിൽ നടക്കും. അധ:സ്ഥിത പിന്നാക്ക ജനവിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി വെങ്ങന്നൂരിലെ നാട്ടുവഴികളിൽ നിന്ന് തിരുവനന്തപുരം കവടിയാറിലെ രാജവീഥിയിലേക്ക് അയ്യൻകാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ സ്മരണാർത്ഥമാണ് പരിപാടി. ഇന്ന് ഉച്ചകഴിഞ്ഞ് 3ന് മങ്ങാട്ടുകവലയിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന ഘോഷയാത്രയും തുടർന്ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ സാംസ്കാരിക സമ്മേളനവും നടക്കും. ജില്ലയിലെ 5 യൂണിയനുകളിൽ നിന്നുള്ള കെ.പി.എം.എസ് പ്രവർത്തകർ പങ്കെടുക്കും. മന്ത്രി എം.എം. മണി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ്. ജില്ല പ്രസിഡന്റ് രവി കൺട്രാമറ്റം അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ. സനീഷ് കുമാർ സ്മൃതിപഥം സന്ദേശം നൽകും. ജോയ്സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എ മാരായ പി.ജെ. ജോസഫ്, ഇ.എസ്. ബിജിമോൾ, മുൻ എം.എൽ.എ ഇ.എം ആഗസ്തി, നഗരസഭ ചെയർപേഴ്സൺ മിനി മധു, മുകേഷ് മോഹൻ, ഓമന വിജയകുമാർ, കെ.കെ. രാജൻ, ശിവൻ കോഴിക്കാമാലിയിൽ തുടങ്ങിയവർ പ്രസംഗിക്കും.