രാജാക്കാട്: ചിന്നക്കനാൽ പഞ്ചായത്തിലെ വേണാടിൽ കാട്ടാനയാക്രമണം രൂക്ഷമായി. ശനിയാഴ്ച രാത്രിയിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ ഒറ്റയാൻ രണ്ട് വീടുകൾ തകർത്തു. കുമാരവേൽ, പീറ്റർ എന്നിവരുടെ വീടുകളാണ് മുറിവാലൻകൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന തകർത്തത്. പ്രദേശത്ത് ഏലവും വാഴയും ഉൾപ്പെടെയുള്ള കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. ശനിയാഴ്ച അർദ്ധരാത്രി കുമാരവേലിന്റെ വീടിന്റെ അടുക്കളഭാഗത്തെ കൽഭിത്തി ഇടിച്ച് നിരത്തുകയായിരുന്നു. ഇതോടെ മേൽക്കൂരയും തകർന്ന് വീണു. അകത്തുണ്ടായിരുന്ന കട്ടിലും പാത്രങ്ങളും ഉൾപ്പെടെയുള്ളവയെല്ലാം ആന ചവിട്ടി തകർത്തു. കുമാരവേലും കുടുംബാംഗങ്ങളും ദീപാവലി പ്രമാണിച്ച് തമിഴ്‌നാട്ടിലേയ്ക്ക് പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇവിടെനിന്നും മാറിയ ആന അടുത്തുള്ള പീറ്ററിന്റെ വീടാണു പിന്നീട് ആക്രമിച്ചത്. അടുക്കളയോട് ചേർന്നുള്ള രണ്ട് മുറികളുടെ ഭിത്തി തള്ളി മറിച്ചിട്ടു. ജനലും കട്ടിളയും ഉൾപ്പെടെയുള്ളവ തകർത്തു. ഈ സമയം വീട്ടിലുണ്ടായിരുന്ന പീറ്ററും ഭാര്യയും മറുവശത്തുകൂടി നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്ക് ഓടി അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. ആന വീടാക്രമിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ സമീപവാസികൾ ഒത്തുകൂടി പുലർച്ചെ 4 വരെ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ശബ്ദമുണ്ടാക്കി. വിശാലമായ ഏലത്തോട്ടങ്ങളോട് ചേർന്ന് അടുത്തടുത്തായി നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശമാണിവിടം. അഡ്വ.ജോയ്‌സ് ജോർജ് എം.പി, പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അൻപുരാജ്, വാർഡുമെമ്പർ ശേഖർ റാം എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.
അടുക്കളതേടിവരാൻ കാരണം ഉപ്പുചാരവും
ചാരവും ഉപ്പും മറ്റ് ഭക്ഷ്യവസ്തുക്കളുമാണ് ആനയെ അടുക്കളഭാഗത്തേയ്ക്ക് ആകർഷിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ആനപ്പേടി കാരണം നാടുവിടേണ്ടിവരുമോ..?
പെരിയകനാൽ, ബൈസൺവാലി, മുട്ടുകാട് തുടങ്ങിയ ഏലത്തോട്ടം മേഖലയോട് ചേർന്ന പ്രദേശത്ത് പതിമൂന്നോളം ആനകൾ രണ്ട് സംഘങ്ങളായി തമ്പടിച്ചിട്ടുണ്ട്. ആനപ്പേടി മൂലം ഇവിടങ്ങളിലെ ജനജീവിതംതന്നെ പ്രതിസന്ധിയിലാണ്. കുട്ടികളെ സ്‌കൂളിൽ അയയ്ക്കുന്നതും, തൊഴിലാളികൾ തോട്ടങ്ങളിൽ പണിയ്ക്ക് പോകുന്നതും ഭീതിയോടെയാണ്. 80 ഏക്കറിലധികം വിസ്തൃതിയുള്ള ഒരു ഏലത്തോട്ടത്തിൽ പണികൾ ചെയ്യുന്നത് ഉടമകൾ മാസങ്ങളായി നിർത്തിവച്ചിരിക്കുകയാണ്. ഈ നില തുടർന്നാൽ കൂട്ടത്തോടെ പ്രദേശം വിട്ടൊഴിയേണ്ട അവസ്ഥയാകുമെന്ന ഭീതിയിലാണു ജനങ്ങൾ. ആനയിറങ്കൽ, മൂലത്തുറ എന്നിവിടങ്ങളിലെ ജനവാസമേഖലകളിൽ നാശംവിതയ്ക്കുന്ന അക്രമണകാരിയായ അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കോന്നിയിലെയോ മലയാറ്റൂർ കത്രിക്കാടിലെയോ ആനത്താവളത്തിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം മുറിവാലൻ കൊമ്പനെയും, ശല്ല്യക്കാരായ പിടിയാനകളെയും പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിരട്ടിയോടിച്ച ആനകൾ വൈകിട്ട് വീണ്ടുമെത്തി
വനം വകുപ്പിന്റെ ദ്രുതപ്രതികരണസേന ഇന്നലെ ഉച്ചയോടെ ആനകളെ വന മേഖലയിലേയ്ക്ക് ഓടിച്ചതായി ദേവികുളം റെയ്ഞ്ച് ഓഫീസർ നെബു കിരൺ പറഞ്ഞു. എന്നാൽ വൈകിട്ട് നാലോടെ ഒരു കൊമ്പനും 4 പിടിയാനകളും അടങ്ങിയ സംഘവും, ആറോടെ 8 ആനകളടങ്ങുന്ന മറ്റൊരു സംഘവും ജനവാസമേഖലയിലെത്തി. ജനങ്ങൾ വീട്ടുമുറ്റത്ത് ആഴികൂട്ടിയും പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയും ആനകളെ തുരത്തുന്നതിനുള്ള ശ്രമത്തിലാണ്.