ചെറുതോണി: കഞ്ഞികുഴി ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നിർമ്മാണം പൂർത്തിയാക്കാത്ത കിണർ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഭീഷണിയാകുന്നു. പഞ്ചായത്ത് നേരിട്ട് നടത്തിയ നിർമ്മാണം പ്രത്യേക വിശദീകരണങ്ങളൊന്നുമില്ലാതെ ഇടയ്ക്കുവച്ച് നിറുത്തിവയ്ക്കുകയായിരുന്നു. പിന്നീട് മാസങ്ങൾ പിന്നിട്ടെങ്കിലും കിണർ നിർമ്മാണം പൂർത്തിയാക്കുകയോ, മതിയായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുകയൊ ചെയ്തിട്ടില്ല. ബഹുനില കെട്ടിടത്തിന്റെ അസ്ഥിവാരം തോണ്ടിയകുഴി നിറയെ മലിനജലവും പേറി തുറന്ന് കിടക്കുകയാണ്. വശങ്ങൾ ഇടിഞ്ഞ് തുടങ്ങിയതോടെ സമീപത്തെ കടകൾക്കും കനത്ത ഭീഷണിയായിട്ടുണ്ട്. പഞ്ചായത്തിന്റെ പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളിൽ യാത്രക്കാർക്ക് ഇരിക്കാൻ നിർമ്മിച്ച കസേരകൾ ഇളക്കി മാറ്റിയാണ് കിണറിനുവേണ്ടി കുഴിയെടുത്തിരിക്കുന്നത്. സ്റ്റാന്റിലേക്ക് ഇതുവരെ ബസുകൾ പ്രവേശിച്ചു തുടങ്ങിയില്ല എന്നതുകൊണ്ടു മാത്രമാണ് ഇവിടെ ആളപായം ഉണ്ടാവാത്തത്. നിർമ്മാണത്തിൽ അപാകത ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും സ്റ്റാന്റിന്റേയും നിർമ്മാണത്തിലെ അപാകത കാരണമാണ് ബസ് പ്രവേശിക്കാത്തതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കിണറും വിവാദത്തിലായിരിക്കുന്നത്. കിണറിന്റെ വശങ്ങൾ ഇടിയുന്നതുമൂലം ബഹുനിലകെട്ടിടത്തിന് ബലക്ഷയം സംഭവിക്കുന്നുണ്ടെന്ന് വ്യാപാരികളും പറയുന്നു. നിലവിൽ ബസ് സ്റ്റാന്റിന് സമീപം പാടത്ത് പഞ്ചായത്ത് കിണർ ഉണ്ടായിട്ടും അത് വിപുലപ്പെടുത്താൻ തയ്യാറാകാതെയാണ് ജനങ്ങളെ ബുദ്ധിമുട്ടിച്ച് പുതിയത് നിർമ്മിക്കാൻ പണം ചെലവഴിച്ചത്. ഉപേക്ഷിക്കപെട്ട കിണറിൽ മാലിന്യങ്ങൾ നിറഞ്ഞ് കൊതുകിന്റെ വംശവർദ്ധനവിനും കാരണമാകുന്നുണ്ട്. നിർമ്മാണം പൂർത്തിയാക്കാനാകുന്നില്ലെങ്കിൽ ജനങ്ങളുടെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും സുരക്ഷ കണക്കിലെടുത്ത് കിണർ മൂടാൻ തയ്യാറാകണമെന്നും ഇതിനായി ചെലവഴിച്ച പണം പഞ്ചായത്ത് ഫണ്ടിൽ തിരിച്ചടയ്ക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.