പീരുമേട്:ബ്രേക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ് കൽതിട്ടയിലിടിച്ചു നിർത്തി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം. ദേശീയ പാത 183ൽ കുട്ടിക്കാനത്തിന് സമീപം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2 .45 ഓടുകൂടിയാണ് അപകടം നടന്നത്.കോട്ടയത്ത് നിന്ന് കുമളിയിലേക്ക് വരുമ്പോഴാണ് കൊടുംവളവിൽ വച്ച് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്.ദേശീയപാതാ വിഭാഗം സംരക്ഷണഭിത്തി നിർമിക്കുന്ന പണികൾ പുരോഗമിക്കുന്നതിനാൽ ഒരുവശത്തു കൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകാൻ കഴിയുകയുള്ളു. ഈ സ്ഥലത്ത് വച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഡ്രൈവർ അവസരോചിതമായി ഇടപെട്ടതിനെ തുടർന്ന് കൽതിട്ടയിൽ ബസ് ഇടിച്ചു നിർത്തുകയുമായിരുന്നു. വളവ് തിരിയാതെ ബസ് ഇടിച്ചു നിന്നതിനാൽ ദുരന്തം ഒഴിവായി. മറിച്ചാണ് സംഭവിച്ചിരുന്നെങ്കിൽ കൊക്കയിലേക്ക് ബസ് പതിക്കുമായിരുന്നു. അപകട സമയത്ത് ബസിനുള്ളിൽ 45 യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കാലപ്പഴക്കം ചെന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്നും ഹൈറേഞ്ച് റൂട്ടിൽ ഓടിക്കാൻ സാധിക്കാത്ത ബസാണിതെന്നും പരാതി ഉയർന്നിട്ടുണ്ട്.