kk
സ്‌നേഹവീടിന്റെ താക്കോൽദാനം ഉമ്മൻചാണ്ടി നിർവ്വഹിക്കുന്നു.

രാജാക്കാട്: അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ സഹപ്രവർത്തകനായി ഉടുമ്പൻചോല മണ്ഡലം കോൺഗ്രസ് കമ്മറ്റി നിർമ്മിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു.പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി നിന്നിരുന്ന ബാബു മാത്യൂ കൂലിവേല ചെയ്താണ് കുടുംബ പുലർത്തിയിരുന്നത്. രണ്ടായിരത്തി പതിനേഴിൽ മരം മുറിയ്ക്കുന്നതിനിനിടെ താഴെ വീണ് കാലുകൾ ഒടിയുകയും നട്ടെല്ലിന് പരിക്കേറ്റ കിടപ്പിലാകുകയും ചെയ്തു.ചികിൽസാ ചെലവുകളടക്കം വഹിക്കുന്ന സഹപ്രവർത്തകർ വാസ യോഗ്യമായ വീടില്ലാത്ത ഈ നിർദ്ധന കുടുംബത്തിനു വീടു വച്ചു നൽകുവാൻ തീരുമാനിക്കുകയും, പൊതുജനങ്ങളുടെകൂടി സഹായത്തോടെ 4 മാസങ്ങൾകൊണ്ട് പണി പൂർത്തീകരിക്കുകയും ചെയ്തു. ഈ വീടിന്റെ താക്കോലാണ് ചെമ്മണ്ണാർ ടൗണിൽ നടന്ന യോഗത്തിൽ ബാബുവിന് കൈമാറിയത്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെയും, സംസ്ഥാനതല അമ്പെയ്ത്ത് മൽസരത്തിൽ സ്വർണ്ണം നേടിയ വിസ്മയ മോൾ ബാബുവിനെയും ചടങ്ങിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് സാന്റ്രോച്ചൻ കൊച്ചുപുരക്കൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ,മുൻ പ്രസിഡന്റ് റോയി കെ.പൗലോസ്,കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ആർ.ബാലൻപിള്ള,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രസ്യ പൗലോസ്,ശ്രീമന്ദിരം ശശികുമാർ,സേനാപതി വേണു,എം.എൻ.ഗോപി,ബെന്നി കുന്നേൽ, ഷാജു മാടപ്പാട്ട് എന്നിവർ പങ്കെടുത്തു.