ചെറുതോണി:ഹൈകോടതി ഉത്തരവിന് പുല്ലുവില നൽകി പാതയോരങ്ങൾ കീഴടക്കി ഫ്ളക്സ് ബോർഡുകൾ. ഒക്ടോബർ 31 ന് അകം പഞ്ചായത്ത് പരിധിയിലെ റോഡുകൾക്ക് ഇരുവശവും സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകൾ മുഴുവൻ നീക്കണമെന്ന് അറിയിപ്പു നൽകിയ വാഴത്തോപ്പ് പഞ്ചായത്ത് തുടർ നടപടികൾക്ക് തയ്യാറാകുന്നില്ല എന്ന് ആക്ഷേപം.
പാരിസ്ഥിതിക പ്രശ്നങ്ങൾ മാത്രമല്ല റോഡുകളിലെ കാഴ്ച്ച മറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളാണ് ഫ്ളക്സ് ബോർഡുകൾ സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈകോടതി ഇത്തരം ബോർഡുകളും കമാനങ്ങളും നീക്കം ചെയ്യാൻ നിദ്ദേശിച്ചത്. വഴിയോരങ്ങളിലെ ഫ്ളക്ക്സ് ബോർഡുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് പത്രകുറിപ്പിറക്കി നിദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ ഒരു ദിവസം ചെറുതോണി ടൗണിൽ സ്ഥാപിച്ചിരുന്ന കുറച്ച് ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്തു. എന്നാൽ ഇതേ പഞ്ചായത്തിലെ
വൈസ് പ്രസിഡന്റിന്റെ ചിത്രങ്ങൾ പതിച്ച ഫ്ളക്സ് ബോർഡുകൾ ഉൾപ്പെടെയാണ് റോഡുകളിൽ ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത്.
മത സ്ഥാപനങ്ങളുടെ ഉൾപ്പെടെയുള്ള ഫ്ളക്സ് ബോർഡുകളാണ് റോഡുകൾ കീഴടക്കി
കാഴ്ച്ച മറയ്ക്കുന്നത്. എന്നാൽ ഇത് നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല എന്ന് ബി ജെ പി വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് പി.എസ് സുരേഷ് ആരോപിച്ചു. പഞ്ചായത്തിന്റെ ഇരട്ട താപ്പ് നടപടിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിലും പഞ്ചായത്തിനെതിരെ വ്യാപക പ്രതിക്ഷേധമാണുയരുന്നത്.