അടിമാലി: ഹൈക്കോടതി ഉത്തരവ് പ്രകാരം അടിമാലി പഞ്ചായത്ത് പരിധിയിൽ വരുന്ന ദേശിയപാതയോരങ്ങളിലെ പരസ്യ ബോഡുകൾ പൂർണ്ണമായും നീക്കം ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി കെഎൻ സഹജൻ പറഞ്ഞു.അടിമാലി പഞ്ചായത്തിന്റെ പരിധിയിലൂടെ കടന്നു പോകുന്ന ദേശിയപാത 85ന്റേയും ദേശിയപാത 185ന്റേയും ഓരത്ത് സ്ഥാപിച്ചിരുന്ന പരസ്യ ബോഡുകളാണ് ഹൈക്കോടതി ഉത്തരവിൻ പ്രകാരം നീക്കം ചെയ്തത്.ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പരസ്യബോഡുകളായിരുന്ന നീക്കം ചെയ്യപ്പെട്ടതിൽ ഏറെയും.എന്നാൽ ബോഡുകൾ പൂർണ്ണമായും നീക്കം ചെയ്തിട്ടില്ലെന്നും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്നുമുള്ള ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സെക്രട്ടറി കെഎൻ സഹജൻ വിശദീകരണം നൽകിയത്.ദേശിയപാതയോരത്തെ ബോഡുകൾ നീക്കം ചെയ്ത സാഹചര്യത്തിൽ ടൗൺമധ്യത്തിൽ ഡിവൈഡറുകളായി സ്ഥാപിച്ചിട്ടുള്ള പരസ്യബോഡുകൾ കൂടി നീക്കം ചെയ്യാൻ പഞ്ചായത്ത് തയ്യാറാകണമെന്ന ആവശ്യം ഒരു വിഭാഗം മുമ്പോട്ട് വച്ചിരുന്നു.പഞ്ചായത്തിന്റെ ലൈസൻസില്ലാതെ ദേശിയപാതയോരങ്ങളിൽ പുതിയ പരസ്യബോഡുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും വാഹനയാത്രികർക്ക് തടസ്സമില്ലാതെ പാതയോരങ്ങളിലൊ പുരയിടങ്ങളിലോ ബോഡുകൾ സ്ഥാപിക്കണമെങ്കിൽ നിർബന്ധമായും പഞ്ചായത്തിന്റെ ലൈസൻസ് വാങ്ങണമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു